Home Sportsഫൈനലില്‍ ഇന്ത്യന്‍ ടീമിന് മാറ്റത്തിന് സാധ്യത; അഭിഷേക് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായേക്കും, പകരക്കാരനായി കുല്‍ദീപ്?

ഫൈനലില്‍ ഇന്ത്യന്‍ ടീമിന് മാറ്റത്തിന് സാധ്യത; അഭിഷേക് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായേക്കും, പകരക്കാരനായി കുല്‍ദീപ്?

by news_desk
0 comments

അഹമ്മദാബാദ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ നിര്‍ണ്ണായക മാറ്റത്തിന് സാധ്യത. ടൂര്‍ണമെന്റിലുടനീളം ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഫൈനലില്‍ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മ്മയ്ക്ക് ഈ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 85 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ഒന്‍പത് റണ്‍സിന് അഭിഷേക് പുറത്തായിരുന്നു. കിരീടപ്പോരാട്ടം പോലെ ഒരു നിര്‍ണ്ണായക മത്സരത്തില്‍ ഫോമിലല്ലാത്ത ഒരു താരത്തെ കളിപ്പിക്കുന്നത് ഇന്ത്യക്ക് വലിയ റിസ്‌ക് ആയിരിക്കും. അഭിഷേക് പുറത്തിരിക്കുകയാണെങ്കില്‍, സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തിയേക്കും. ഈ ടൂര്‍ണമെന്റില്‍ ഓപ്പണറുടെ റോളില്‍ ഇഷാന്‍ ഇതിനകം രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ വിന്നിംഗ് കോമ്പിനേഷനില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യവും ടീം മാനേജ്‌മെന്റിന് ചിന്തിക്കേണ്ടി വരും.

കുല്‍ദീപ് യാദവ് തിരിച്ചെത്തിയേക്കും

അഭിഷേകിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. കുല്‍ദീപ് യാദവ്, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതില്‍ കുല്‍ദീപ് യാദവിനാണ് മുന്‍തൂക്കം. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ആറാം ബൗളറുടെ കുറവ് ഇന്ത്യ അനുഭവിച്ചിരുന്നു. കൂടാതെ വിക്കറ്റ് വേട്ടക്കാരനായ വരുണ്‍ ചക്രവര്‍ത്തി സെമിയില്‍ 64 റണ്‍സ് വഴങ്ങിയതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2025-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തിളങ്ങിയ കുല്‍ദീപിന്റെ അനുഭവം ഇന്ത്യക്ക് ഗുണകരമാകും. ബാറ്റിംഗ് കരുത്ത് കൂട്ടാനാണ് ലക്ഷ്യമെങ്കില്‍ റിങ്കു സിംഗിനെയും പരിഗണിച്ചേക്കാം.

ഫൈനലിലെ സാധ്യത ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

You may also like