Home Keralaമുട്ടുവേദനയ്ക്ക് ചികിത്സ; ഒടുവിൽ യുവാവിന്റെ ഇരു കണ്ണുകളും എടുത്തു! തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത് കൊടും ക്രൂരത

മുട്ടുവേദനയ്ക്ക് ചികിത്സ; ഒടുവിൽ യുവാവിന്റെ ഇരു കണ്ണുകളും എടുത്തു! തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത് കൊടും ക്രൂരത

by news_desk
0 comments

തൃശൂർ. ചെറിയൊരു മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് യുവാവും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ടൈൽസ് തൊഴിലാളിയായ സനൂപ് എന്ന യുവാവിനാണ് ചികിത്സയ്ക്കിടെ കാഴ്ച നഷ്ടമായത്.

ചെറിയ മുട്ടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമായി കയ്യിൽ കാനുല ഇട്ട ഭാഗത്ത് കടുത്ത വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ ദുരിതം ആരംഭിച്ചു. സനൂപ് പലതവണ നഴ്‌സുമാരോടും ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനെത്തുടർന്ന് കയ്യിൽ മാരകമായ അണുബാധ പടരുകയും സനൂപ് അബോധാവസ്ഥയിലാവുകയും ചെയ്തു.

സനൂപിന്റെ നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എഴുത്തും വായനയും അറിയാത്ത സനൂപിന്റെ അമ്മ വത്സലയെക്കൊണ്ട് നിർബന്ധപൂർവ്വം സമ്മതപത്രത്തിൽ ഒപ്പിടുവിക്കുകയായിരുന്നു എന്നാണ് പരാതി. അബോധാവസ്ഥയിൽ കിടന്നിരുന്ന സനൂപിന്റെ കൈ വിരലുകൾ ഉപയോഗിച്ച് വട്ടം വരപ്പിച്ചാണ് ആശുപത്രി അധികൃതർ രേഖകൾ തയ്യാറാക്കിയത്. തന്റെ മകന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്യാനാണ് താൻ അനുവാദം നൽകുന്നതെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ സനൂപ് തനിക്ക് കാഴ്ചയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ് കുടുംബം ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അണുബാധയേറ്റെന്നും രക്തത്തിൽ ഷുഗർ കൂടിയതുകൊണ്ടാണ് കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നതെന്നുമാണ് ഡോക്ടർമാർ നൽകിയ ഒഴുക്കൻ മറുപടി. ചികിത്സാ രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും പിന്നീട് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും സനൂപ് പറയുന്നു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സനൂപ്. വാഹനാപകടത്തിൽ പെട്ട് അച്ഛൻ കൂടി കിടപ്പിലായതോടെ ആ കുടുംബം പൂർണ്ണമായും പട്ടിണിയിലായി. ഇന്ന് സനൂപിന്റെ പ്രായമായ അമ്മ വീട്ടുജോലിക്ക് പോയാണ് മകനെയും ഭർത്താവിനെയും ഒന്നാം ക്ലാസ്സുകാരനായ കൊച്ചുമകനെയും പോറ്റുന്നത്.
“സ്വന്തമായി ബൈക്ക് ഓടിച്ചുപോയ എന്റെ മകൻ ഇന്ന് ഇരുട്ടിലാണ്. നീതി തേടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ചികിത്സിച്ച ഡോക്ടർ സ്ഥലം മാറിപ്പോയി. ഞങ്ങൾക്ക് ഇനി ആരോട് പരാതി പറയണം?” – സനൂപിന്റെ അമ്മ കണ്ണീരോടെ ചോദിക്കുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെയും ആരോഗ്യ വകുപ്പിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

You may also like