കൊച്ചി: നടൻ ജോജു ജോർജ് നായകനായി എത്തുന്ന പുതിയ ചിത്രം ‘അജ:സുന്ദരി’ റിലീസിനൊരുങ്ങുന്നു. ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിലെ നായികയായി ലിജോ മോൾ അഭിനയിക്കുന്നു. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോമോളുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
മനു ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം, സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റമാണ്. ജോജു ജോർജ്, ലിജോ മോൾ എന്നിവർക്ക് പുറമെ പ്രശാന്ത് മുരളി, ആർ.ജെ വിജിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പർഹിറ്റ് ചിത്രം ‘റൈഫിൾ ക്ലബ്’യ്ക്ക് ശേഷം ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘അജ:സുന്ദരി’ക്ക് ഉണ്ട്. ഗീതാർഥ് എ.ആർ സഹരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജെയ്സൺ ഫ്രാൻസിസ് ആണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും നേരത്തേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. “സുന്ദരിയെ കാണ്മാനില്ല” എന്ന കുറിപ്പോടുകൂടി പുറത്തിറക്കിയ പോസ്റ്ററിൽ, ഒരു ആടിനെ ചാക്കിലാക്കി ബസിൽ ഇരിക്കുന്ന ജോജു ജോർജ് കഥാപാത്രം കൗതുകമുണർത്തിയിരുന്നു. കഥയിൽ ഒരു ആടിനും നിർണ്ണായക സ്ഥാനമുണ്ടെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡ്രംയുഗയാണ്. എഡിറ്റിംഗും സംവിധായകൻ മനു ആന്റണി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘റൈഫിൾ ക്ലബ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്ന ചിത്രത്തിന് ശക്തമായ സാങ്കേതിക സംഘമാണ് പിന്നിൽ പ്രവർത്തിക്കുന്നത്.
കലാസംവിധാനം മിഥുൻ ചാലിശ്ശേരി, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, സൗണ്ട് മിക്സിങ് ഡാൻ ജോസ്, ആക്ഷൻ റോബിൻ, വിഷ്വൽ എഫക്ട്സ് ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ് യാഷിക റൗട്രേ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻ റോസ്‌റ്റേഡ് പേപ്പറും പിആർഒ വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറുമാണ്.

