കൊല്‍ക്കത്ത. ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. വൈകീട്ട് ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഗ്രൂപ്പ് ഘടത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു.
തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റിന്‍റെ ക്ലാസിക് പോരാകും ഈഡനിലിന്ന് എന്നാണ് ആരാധകർ കരുതുന്നത്. കരുത്തിൽ മുന്നിലെങ്കിലും ലോകവേദിയിൽ അടിപതറുന്ന പതിവുള്ള രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. വമ്പ് പറയാൻ ഇരുവർക്കുമുള്ളത് ടെസ്റ്റ് ലോക കിരീടങ്ങൾ മാത്രം. കുട്ടി ക്രിക്കറ്റ് കീരീടം ഷെൽഫിലെത്തിക്കാൻ പ്രോട്ടീസും കിവീസും കൊൽക്കത്തയിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
ടൂർണമെന്‍റിൽ ഒരൊറ്റ മത്സരവും തോക്കാതെയാണ് ദക്ഷിണാഫ്രിക്ക വരുന്നത്. 2024ൽ ഇന്ത്യയോട് തോറ്റ് നഷ്ടമായ ട്രോഫി നേടാൻ പോന്ന കരുത്തുണ്ട് പ്രോട്ടീസ് പടയ്ക്ക്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം തുടങ്ങുന്ന ബാറ്റിങ് വെടിക്കെട്ട്. ഒപ്പം റിയാൻ റെക്കിൽടണും ഡെവാള്‍ഡ് ബ്രെവിസും ഡി കോക്കും പിന്നാലെ കില്ലർ മില്ലറും. മാറ്റ് ഹെൻറിയും ലോക്കി ഫെർഹഗൂസനുമടങ്ങുന്ന പേസ് നിര തിളങ്ങിയാലെ കിവീസിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ മാറ്റ് ഹെൻറി മടങ്ങിയെത്തിയില്ലെങ്കിൽ ടഫി പകരക്കാരനാകും.
ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറും ഓൾറൗണ്ടർ രചിൻ രവീന്ദ്രയും ചേരുന്നതോടെ കിവീസ് ബോളിങ് യൂണിറ്റ് റെഡി. ബാറ്റിങ്ങിൽ ഓപ്പണിങ്ങാണ് കിവീസിന്‍റെ കരുത്ത്. ടിം സൈഫർട്ടും ഫിൻ അല്ലനും മിന്നിത്തിളങ്ങിയാൽ ന്യൂസീലൻഡ് ഹാപ്പി. ഇരുവരെയും വെല്ലുവിളിക്കാൻ പോന്ന പേസ് കരുത്താണ് പ്രോട്ടീസ് പ്രതീക്ഷ. ടൂർണമെന്‍റിൽ 43 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ പേസർമാർ മിന്നും ഫോമിലുമാണ്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പ്രോട്ടീസിനെ ജയിക്കാൻ കിവീസിനായിട്ടില്ല. ആകെ ടി20 കണക്കിലും കിവീസിന് എതിരെ ദക്ഷിണാഫ്രിക്ക തന്നെ മുന്നിൽ. ഒരോ തവണ ഫൈനലിലെത്തിയതാണ് ഇരു ടീമുകളുടേയും ലോകകപ്പിലെ മികച്ച പ്രകടനം. ഈഡനിൽ നിന്ന് കലാശപ്പോരിലേക്ക് ആരാദ്യമെത്തിയാലും വമ്പൻ പോരാട്ടമുണ്ടാകുമെന്നറുപ്പ്.

