Home Keralaകെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാനിന്? ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റസൂചന

കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാനിന്? ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റസൂചന

by news_desk
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാനിന് നൽകാനിടയുണ്ടെന്ന സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറാനുള്ള നീക്കം. താൽക്കാലിക ചുമതലയിലേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ ചുമതലകളിലും മാറ്റം വരുത്താനാണ് പാർട്ടി ആലോചിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിൽ താൽക്കാലിക ക്രമീകരണം ഉണ്ടാകുമെന്നാണ് വിവരം.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക

കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷും സ്ഥാനാർഥികളായി. പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടിയും തവനൂരിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയും മത്സരിക്കും. നെന്മാറയിൽ പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ജനവിധി തേടും.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർ ഉൾപ്പെടെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരുകളും പട്ടികയിൽ ഇല്ല. ഇവർ പരിഗണിച്ചിരുന്ന കണ്ണൂർ, കോന്നി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനവും നീണ്ടുപോയിരിക്കുകയാണ്.

പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടയിലും ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യാ ഹരിദാസിനെ തന്നെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചു. കൊട്ടാരക്കരയിൽ സിപിഐഎം വിട്ട് കോൺഗ്രസിൽ എത്തിയ ഐഷ പോറ്റിയും തൃത്താലയിൽ വി.ടി. ബൽറാമും സ്ഥാനാർഥികളാണ്.

തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 29-നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, 29 തീയതികളിലും വോട്ടെടുപ്പ് നടക്കും. നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-നാണ്.

You may also like