Home Nationalരണ്ടുഘട്ടങ്ങളിലായി സെൻസസ്; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ, രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കണക്കെടുപ്പ്

രണ്ടുഘട്ടങ്ങളിലായി സെൻസസ്; കേരളത്തിൽ ആദ്യഘട്ടം ജൂണിൽ, രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കണക്കെടുപ്പ്

by news_desk
0 comments

ദില്ലി: രാജ്യത്തെ അടുത്ത ജനസംഖ്യാ സെൻസസ് രണ്ടുഘട്ടങ്ങളിലായി നടത്തുമെന്നും ഇത്തവണത്തെ കണക്കെടുപ്പ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായിരിക്കുമെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂൺ മാസത്തിൽ ആരംഭിക്കും.

ജൂൺ 16 മുതൽ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള (സെൽഫ് എന്യൂമറേഷൻ) സൗകര്യം ലഭ്യമാകും. തുടർന്ന് ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി നേരിട്ട് വിവരശേഖരണം നടത്തും. ആദ്യഘട്ടത്തിൽ ഭവന സെൻസസ് ആയിരിക്കും നടക്കുക. വീടുകളുടെ നിർമ്മാണരീതി, താമസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കുടുംബങ്ങളുടെ ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക.

രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. കുടുംബാംഗങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നില, കുടിയേറ്റ വിവരങ്ങൾ, പ്രത്യുൽപ്പാദന നിരക്ക് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ജാതി സെൻസസും രണ്ടാംഘട്ടത്തിലായിരിക്കും നടത്തുക.

സെൻസസ് നടപടികൾക്കായി 11,718.24 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൂർത്തിയാക്കിയിരുന്നു. മാർഗനിർദേശങ്ങൾ 19 ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്.

സെൻസസ് പൂര്‍ണമായും ഡിജിറ്റൽ രീതിയിലായിരിക്കും. വിവരശേഖരണത്തിനായി പ്രത്യേക മൊബൈൽ ആപ്പും സെൽഫ് എന്യൂമറേഷൻ പോർട്ടലും ഒരുക്കും. മൊബൈൽ ആപ്പ് 16 ഭാഷകളിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങൾ ചോദിക്കും. ശുദ്ധജലം, വൈദ്യുതി, വാഹനങ്ങൾ, ഇന്റർനെറ്റ് ലഭ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഇതിൽ ഉൾപ്പെടും.

സെൻസസിനിടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ലഭ്യമാകില്ലെന്നും കോടതികളിൽ തെളിവായി ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. സെൻസസിനായി പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല.

സെൻസസ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനായി പ്രത്യേക വെബ് പോർട്ടലും അത്യാധുനിക വെബ് മാപ്പിങ് സംവിധാനവും ഉപയോഗിക്കും. 2027 സെൻസസ് പ്രവർത്തനങ്ങൾക്കായി രാജ്യത്താകെ 31 ലക്ഷം എന്യൂമറേറ്റർമാരെ നിയോഗിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കുറിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും സെൻസസിനും എസ്.ഐ.ആറിനും തമ്മിൽ ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി. ലിവിങ് ടുഗദർ ദമ്പതികളെയും സെൻസസിൽ വിവാഹിതരായി പരിഗണിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

You may also like