ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ നിയമപ്രകാരം നഗരപ്രദേശങ്ങളിൽ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും തുടരും. വ്യാജവാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും രാജ്യത്ത് ആവശ്യത്തിന് എൽപിജി സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ ഉറപ്പുനൽകി.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായാണ് രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്നത്. ഗാർഹിക ആവശ്യങ്ങൾക്കായി കൂടുതൽ എൽപിജി ഉത്പാദിപ്പിക്കാൻ എണ്ണ ശുദ്ധീകരണശാലകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പൊതുസേവന കേന്ദ്രങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാചകവാതക ക്ഷാമം പരിഗണിച്ച് സിലിണ്ടറുകളുടെ ഭാരം 14.2 കിലോയിൽ നിന്ന് 10 കിലോ ആക്കി കുറയ്ക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളുടെ സ്റ്റോക്ക് തീർക്കാൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ അളവിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

