Home National‘ഇന്ത്യയ്ക്കെന്തിന് അമേരിക്കയുടെ അനുമതി? നമ്മൾ എന്താ അമേരിക്കൻ അടിമയോ ?’ യുഎസ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്

‘ഇന്ത്യയ്ക്കെന്തിന് അമേരിക്കയുടെ അനുമതി? നമ്മൾ എന്താ അമേരിക്കൻ അടിമയോ ?’ യുഎസ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്

by news_desk
0 comments

ദില്ലി. ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തേക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാമെന്ന യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ ഊർജ്ജ സ്രോതസ്സുകൾ തീരുമാനിക്കാൻ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്നാണ് കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. ‘നമ്മുടെ ഊർജ്ജ സുരക്ഷാ ആവശ്യകതകൾ ഉറപ്പാക്കാൻ അമേരിക്കയുടെ അനുമതി ആവശ്യമുള്ള ഒരു ബനാന റിപ്പബ്ലിക്കാണോ നമ്മൾ’ എന്നാണ് മനീഷ് തിവാരിയുടെ ചോദ്യം.

കോൺഗ്രസ് എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിംഗ് സുർജേവാലയും നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും പരമാധികാരവും ബിജെപി സർക്കാർ അടിയറവ് വെയ്ക്കുകയാണ് എന്നാണ് സുർജേവാലയുടെ വിമർശനം. ദില്ലിയിൽ ഒരു സർക്കാർ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിമർശനവുമായി രംഗത്തെത്തി- “ട്രംപിന്റെ പുതിയ കളി; ദില്ലിയിലുള്ള തന്റെ സുഹൃത്തിനോട് പുടിനിൽ നിന്ന് എണ്ണ ലഭിക്കുമെന്ന് പറഞ്ഞു. അമേരിക്കയുടെ ഈ ബ്ലാക്ക്‌മെയിൽ എത്ര കാലം തുടരും?”

യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ പ്രസ്താവനയാണ് വിവാദമായത്- “പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല. കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇറാൻ ആഗോള ഊർജമേഖലയെ ബന്ദിയാക്കാൻ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മർദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് – ഇന്ത്യ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്. ഇതോടെ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് ഇന്ത്യൻ റിഫൈനറികൾക്ക് എണ്ണ വാങ്ങാം എന്നാണ് അമേരിക്കയുടെ അറിയിപ്പ്.

You may also like