Home Internationalആണവായുധം ഉപേക്ഷിക്കാൻ ഇറാൻ; പശ്ചിമേഷ്യയിൽ സമാധാന കരാറിനൊരുങ്ങി ട്രംപ്; 15 ഇന പദ്ധതികൾ

ആണവായുധം ഉപേക്ഷിക്കാൻ ഇറാൻ; പശ്ചിമേഷ്യയിൽ സമാധാന കരാറിനൊരുങ്ങി ട്രംപ്; 15 ഇന പദ്ധതികൾ

by news_desk
0 comments

വാഷിങ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധം അവസാനിക്കുന്നു എന്ന സൂചനകൾ നൽകി ഇറാനുമായി സമാധാന കരാറിനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും യുദ്ധം വിജയത്തോടടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ എണ്ണ-പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഒരു ‘സമ്മാനം’ തനിക്ക് ലഭിച്ചുവെന്നും ഇറാനിലെ പുതിയ നേതൃത്വവുമായി സമാധാന കരാർ ഒപ്പിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പ്രതിനിധികളെ വിശ്വസിക്കാമോ എന്ന ചോദ്യത്തിന്, താൻ ആരെയും അന്ധമായി വിശ്വസിക്കാറില്ലെന്നും എന്നാൽ ഇപ്പോൾ ‘ശരിയായ ആളുകളുമായാണ്’ ചർച്ചകൾ നടക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 ഇന സമാധാന പദ്ധതിയാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്റെ കൈവശമുള്ള ആണവ സാമഗ്രികൾ നശിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുക, നിലവിലുള്ള യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുക എന്നിവയാണ് പ്രധാന നിബന്ധനകൾ. കൂടാതെ, ബാലിസ്റ്റിക് മിസൈൽ വികസനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്കുള്ള സൈനിക സഹായം ഇറാൻ നിർത്തലാക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിനെ തടസ്സങ്ങളില്ലാത്ത ‘സ്വതന്ത്ര മേഖലയായി’ (Free maritime zone) പ്രഖ്യാപിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. കരാർ ചർച്ചകൾ പൂർത്തിയാക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും സാധ്യതയുണ്ട്.

നിബന്ധനകൾ അംഗീകരിച്ചാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാനും സിവിൽ ആണവ നിലയങ്ങൾ നിർമ്മിക്കാൻ സഹായിക്കാനും അമേരിക്ക തയ്യാറാകും. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ മുഖ്യ മധ്യസ്ഥനാക്കാനാണ് ഇറാൻ താല്പര്യപ്പെടുന്നത് എന്നാണ് സൂചന. അതേസമയം, സമാധാന ചർച്ചകൾക്കിടയിലും ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണങ്ങളും വരുന്നുണ്ട്. ഇനി പ്രതികാരം ‘കണ്ണിന് പകരം കണ്ണ്’ എന്ന രീതിയിലാവില്ലെന്നും മറിച്ച് ‘കണ്ണിന് പകരം തല’ എന്ന രീതിയിലായിരിക്കുമെന്നും ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മുഹ്സിൻ റസാ മുന്നറിയിപ്പ് നൽകി. എങ്കിലും ട്രംപിന്റെ സമാധാന നീക്കങ്ങൾ പശ്ചിമേഷ്യയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

You may also like