Home Localചൂണ്ടലിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം: വീട് കയറി ആക്രമണം, 76-കാരിക്ക് ക്രൂരമർദ്ദനം.

ചൂണ്ടലിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം: വീട് കയറി ആക്രമണം, 76-കാരിക്ക് ക്രൂരമർദ്ദനം.

by news_desk
0 comments

ചൂണ്ടൽ. ചൂണ്ടൽ പ്രദേശത്ത് ലഹരിമാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൂണ്ടൽ സ്വദേശിനി ലീല (76) ആണ് ലഹരിസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലീലയുടെ കൊച്ചുമകൻ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ ചൊടിപ്പിച്ചത്.
പത്തോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും മുൻവാതിലും അക്രമിസംഘം അടിച്ചുതകർത്തു.തടയാൻ ശ്രമിച്ച വയോധികയെ സംഘം ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെയാണ് അക്രമികൾ സ്ഥലം വിട്ടത്.

സംഭവത്തിൽ ഏഴോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമൽജിത്, നീരജ്, രഞ്ജീഷ്, അക്ഷയ്, ശ്യാം, അശ്വിൻ ബാബു, രഞ്ജിത്ത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 4-5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

ചൂണ്ടലും പരിസര പ്രദേശങ്ങളിലും ലഹരിസംഘങ്ങളുടെ ശല്യം വർധിച്ചുവരികയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും, ലഹരിമാഫിയക്കെതിരെ കർശന നടപടി വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

You may also like