തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഞ്ച് വർഷം മുൻപ് കൗൺസിലർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് എം.കെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്ന് അഞ്ച് വർഷക്കാലം എൽഡിഎഫ് പിന്തുണയോടെ അദ്ദേഹം മേയർ പദവി അലങ്കരിച്ചിരുന്നു.
താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നായിരുന്നു പാർട്ടി മാറ്റത്തെക്കുറിച്ച് എം.കെ. വർഗീസിന്റെ പ്രതികരണം. ഇതൊരു ‘ഘർ വാപ്പസി’യാണെന്നും അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കോൺഗ്രസിൽ നിന്ന് ആരും പുറത്താക്കിയതല്ലെന്നും ഇപ്പോൾ സാഹചര്യങ്ങൾ മാറിയതിനാൽ നിരുപാധികമായാണ് പാർട്ടിയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ രാജൻ പല്ലൻ തൃശ്ശൂരിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഭാവിയിൽ അദ്ദേഹം മന്ത്രിയാകാൻ വരെ സാധ്യതയുണ്ടെന്നും വർഗീസ് പ്രത്യാശ പ്രകടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, മുൻ മേയറുടെ മടക്കം തൃശ്ശൂരിൽ യുഡിഎഫ് ക്യാമ്പിന് വലിയ ആവേശം പകർന്നിട്ടുണ്ട്. അതേസമയം, വർഗീസിന്റെ ഈ നീക്കം ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

