Home Internationalഇസ്രയേൽ ആക്രമണം: അലി ലാരിജാനി കൊല്ലപ്പെട്ടു; ബുഷെഹർ ആണവനിലയം ലക്ഷ്യമാക്കി മിസൈൽ ആക്രമണം

ഇസ്രയേൽ ആക്രമണം: അലി ലാരിജാനി കൊല്ലപ്പെട്ടു; ബുഷെഹർ ആണവനിലയം ലക്ഷ്യമാക്കി മിസൈൽ ആക്രമണം

by news_desk
0 comments

ടെഹ്‌റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് മുമ്പ് തന്നെ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി.

ഇതിനിടെ ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെയും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചെങ്കിലും നിർമാണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് നാറ്റോ സഖ്യകക്ഷിയായ തുർക്കി ഇസ്രയേലിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന നടപടികളാണ് ഇസ്രയേൽ സ്വീകരിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ ആരോപിച്ചു. ഇറാനെതിരായ ആക്രമണം നിയമവിരുദ്ധവും സാഹചര്യം കൂടുതൽ വഷളാക്കുന്നതുമായ നടപടിയാണെന്നും അന്താരാഷ്ട്ര നിയമലംഘനങ്ങളെ തുർക്കി ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സഖ്യകക്ഷികളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശനം ഉന്നയിച്ചു. ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു പ്രവാസികളുടെ വിവരങ്ങൾ യുഎഇ പുറത്തുവിട്ടു. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി.

സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിൽ പെരുന്നാൾ നമസ്കാരം ഈദ് ഗാഹുകളിൽ നടത്താതെ പള്ളികളിൽ മാത്രം നടത്താൻ മതകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.

You may also like