Home Keralaഒരു കുട്ടിക്ക് 25 ലക്ഷം, 1160 ഓളം എസ്‌സി, എസ്ടി വിദ്യാർഥികളെ വിദേശ രാജ്യങ്ങളിൽ പഠിക്കാനയച്ചത് വലിയ നേട്ടം; മന്ത്രി ഒ.ആർ കേളു.

ഒരു കുട്ടിക്ക് 25 ലക്ഷം, 1160 ഓളം എസ്‌സി, എസ്ടി വിദ്യാർഥികളെ വിദേശ രാജ്യങ്ങളിൽ പഠിക്കാനയച്ചത് വലിയ നേട്ടം; മന്ത്രി ഒ.ആർ കേളു.

by news_desk
0 comments

കോഴിക്കോട്. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യഭ്യാസത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനായതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഓ.ആർ കേളു. എസ്സി എസ്ടി വിഭാഗത്തിലെ 1160 ഓളം കുട്ടികളെ ഓസ്ട്രേലിയ, യുകെ, സ്കോട്ട്ലന്‍റ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ അയച്ച് പഠിപ്പിക്കുന്നുണ്ട്. വിദേശ പഠനത്തിനായി ഒരു കുട്ടിക്ക് 25 ലക്ഷം രൂപയാണ് നൽകുന്നതെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിടെ പഠിപ്പിക്കുകയും, അത്തരം രാജ്യങ്ങളിൽ തന്നെ ഇവർക്ക് ജോലി ലഭിക്കുകയും ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് മന്ത്രി പറയുന്നു.

ഭൂമിയായിരുന്നു പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം. താൻ മന്ത്രിയായ ശേഷം മാത്രം 4500 ൽ അധികം കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ സാധിച്ചു. ലൈഫ് പദ്ധതിയിലൂടെ 1.5 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകാനായി. പട്ടിക വ‍ർഗ്ഗ മേഖലിയിൽ ഒരു വ‍ർഷം 4 തവണയായി പോഷകാഹാര കിറ്റ് നൽകി. അട്ടപ്പാടിയിലെ ശിശുമരണമടക്കമുള്ളവ ഇപ്പോൾ വലിയ രീതിയിൽ കുറവ് വന്നു. കോളനി എന്ന പേര് ‘ഉന്നതി’ എന്ന് മാറ്റി പിന്നോക്ക വിഭാഗങ്ങളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്താനായി.

കോളനി എന്ന് കേട്ടാൽ എസ് സി എസ് ടി വിഭാഗമാണെന്ന് ചാർത്തി കൊടുക്കാറാണ്. ഈ അപകർഷതാ ബോധം മാറ്റാനായി. മാനാന്തവാടി നെട്ടറിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 12 കോടി നിർമിച്ച പാലവും അപ്രോച്ച് റോഡും ആ പ്രദേശത്തെ പിന്നോക്ക വിഭാഗത്തിന് വേണ്ടി നടപ്പിലാക്കിയ മാതൃക പദ്ധതിയാണ്. ആറളം ഫാമിലെ ഹോസ്റ്റൽ, നെയ്യാറ്റിൻകരയിലെ മായം കടവ് പാലവും പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളാണ്. ദുരിത ബാധിത പ്രദേശങ്ങളിലെ പിന്നോക്ക വിഭാഗക്കാരെ പുനരധിവസിപ്പിക്കുന്നതിനും കിഫ്ബി വഴി പദ്ദതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എംഎൽഎയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ഹാങ്ങിഗ് ഫെൻസിംഗ് സ്ഥാപിച്ചു. ഫ്ലാഷ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് എന്നിവ നടപ്പിലാക്കിയതോടെ വന്യമൃഗ ശല്യം കുറഞ്ഞിട്ടുണ്ട്. വന്യമൃഗ ശല്യത്താൽ കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നാൽ ഫെൻസിംഗ് ഫലപ്രദമായി നടപ്പിലാക്കിയതോടെ വനാതിർത്തിയിലുള്ള കർഷകർക്ക് കൃഷി ചെയ്യാൻ ക‍ർഷകർക്ക് സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

You may also like