Home Kerala‘സംസ്‌കാരത്തിന്റെ വീണ്ടെടുപ്പ്’; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി.

‘സംസ്‌കാരത്തിന്റെ വീണ്ടെടുപ്പ്’; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി.

by news_desk
0 comments

മലപ്പുറം. കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്‌കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്.

മഹാകുംഭമേളയായാലും കേരള കുംഭമേള (മഹാമാഘമഹോത്സവം) ആയാലും അത് സ്‌നാനത്തിന്റെ മാത്രം ഉത്സവമല്ല. സംസ്‌കാരത്തിന്റെ പുനരുജ്ജീവനമാണ്. രാജ്യത്തിന്റെ വടക്കുമുതൽ തെക്കുവരെ നദികൾ വ്യത്യസ്തമായിരിക്കാം, തീരങ്ങളും. പക്ഷേ വിശ്വാസത്തിന്റെ പ്രവാഹം ഒന്നുതന്നെ –അതാണുഭാരതം.

കഴിഞ്ഞവർഷം ഇതേ സമയത്ത് നടന്ന മഹാകുംഭമേളയുടെ അത്ഭുതകരമായ ചിത്രങ്ങൾ ഓർമ്മിപ്പിച്ചാണ് പ്രധാനമന്ത്രി തിരുനാവായ കുംഭമേളയെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. കേരളഭൂമിയിൽ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട് -മാമാങ്കം. മഹാമാഘമഹോത്സവം അല്ലെങ്കിൽ കേരളകുംഭം എന്നും ഇത് വിളിക്കപ്പെടുന്നു. മാഘമാസത്തിൽ ഇവിടുത്തെ പുണ്യപ്രവാഹത്തിൽ സ്‌നാനംചെയ്യുന്നത് മഹത്തായ ഒരു ആത്മസ്മൃതിയുടെ ഭാഗമായിരുന്നു. 250-ലേറെ വർഷങ്ങളായി അതുമുടങ്ങിയിട്ട്. മുടങ്ങിപ്പോയ ഈ പൈതൃകം വീണ്ടെടുക്കുകയാണു നമ്മൾ. ചരിത്രത്തിലെ വഴിത്തിരിവാണിത്.

വലിയ പ്രചാരണപ്രഖ്യാപനങ്ങളില്ലാതെയാണ് ഇത്തവണ കേരളകുംഭമേള സംഘടിപ്പിച്ചത്. ആളുകൾ പരസ്പരം ഇതേക്കുറിച്ച് പറഞ്ഞു, വാമൊഴിയായി പരന്നു, താമസിയാതെ വലിയതോതിൽ ഭക്തർ തിരുനാവായയിൽ എത്തിത്തുടങ്ങി.അത് വിജയമായി. ഭാരതം അതിന്റെ ‘സനാതനചേതന’യുമായി വീണ്ടും ഒന്നിക്കുന്നതായി തോന്നിയെന്നാണ് ത്രിമൂർത്തീസംഗമസ്ഥാനത്തെ ഈ മേളയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.മഹാകുംഭത്തിന്റെ അതേ പ്രവാഹം, അതേ മാഘമാസത്തിൽ, അതേഭക്തിപ്രഹർഷത്തോടെ, വടക്കുനിന്ന് തെക്കോട്ടു നീങ്ങുമ്പോൾ അതിന് ഒരു പുതിയ സ്വത്വം കൈവരുന്നു -പ്രധാനമന്ത്രി പറഞ്ഞു.

You may also like