Home Keralaലോക്സഭയിൽ തൃശൂര്, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം.

ലോക്സഭയിൽ തൃശൂര്, തദ്ദേശമായപ്പോൾ തിരുവനന്തപുരത്ത്; വോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ സുരേഷ് ഗോപിയുടെ വിശദീകരണം.

by news_desk
0 comments

തൃശൂർ. സുരേഷ് ഗോപിയുടെവോട്ട് ഗുരുവായൂരിലേക്ക് മാറിയതിൽ വിശദീകരണവുമായി എംപി ഓഫീസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നെട്ടശ്ശേരിയിലെ വാടക വീട് വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വിൽപ്പന നടത്തിയതിനാൽ ആണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു.

എസ്ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക പുറത്ത് വന്നപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഫ്ലാറ്റ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്ലാറ്റ് ഉണ്ട്.

ഓരോ തെരഞ്ഞെടുപ്പ്, വോട്ട് പലയിടത്ത്

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.

അതേസമയം, ഈ വിഷയത്തിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കരെ രം​ഗത്തെത്തി. കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിലാണെന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ലെന്നും അനിൽ അക്കര വ്യക്തമാക്കി.

You may also like