ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പവർപ്ലേയിലാണ് ഇന്ത്യയ്ക്ക് അടിപതറിയതെന്നാണ് മത്സരത്തിന് ശേഷം സംസാരിക്കവേ സൂര്യ പറഞ്ഞത്. ഈ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
‘180-185 റൺസാണ് പിന്തുടരുന്നതെങ്കിൽ പവർപ്ലേയിൽ നിങ്ങൾക്ക് കളി ജയിക്കാൻ കഴിയില്ല. പക്ഷേ പവർപ്ലേയിൽ നിങ്ങൾക്ക് കളി തോൽക്കാൻ പെട്ടെന്ന് സാധിക്കും. പവർപ്ലേയിൽ ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടപ്പെട്ടു. മാത്രവുമല്ല, 180-185 റൺസ് പിന്തുടരുന്നതിനായി ഞങ്ങൾ ആഗ്രഹിച്ചതുപോലെ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും. കൂടുതൽ ശക്തമായി തിരിച്ചുവരും’, സൂര്യകുമാർ യാദവ് പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു.
ടി20യിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ പരാജയമാണിത്. ടൂർണമെന്റിൽ ഇന്ത്യ വഴങ്ങുന്ന ആദ്യപരാജയവും ഇതാണ്. ഇതോടെ സൂപ്പർ എട്ടിലും ദക്ഷിണാഫ്രിക്ക തങ്ങളുടെ തോൽവിയറിയാത്ത മുന്നേറ്റം തുടർന്നു.
