മാർച്ച് 27 ലോക നാടക ദിനം, അമിത്രജിത്ത്
1961-ൽ അന്താരാഷ്ട്ര നാടക ഇൻസ്റ്റിറ്റ്യൂട്ട്,
(നാടകവും പ്രകടനകലകളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണ്.) ഈ ദിനം ആരംഭിച്ചത് നാടകകലയുടെ പ്രാധാന്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനായിരുന്നു.
നാടകമെന്നത് വെറും വിനോദം മാത്രമല്ല; അതൊരു സമൂഹത്തിന്റെ കണ്ണാടിയാണ്. മനുഷ്യന്റെ വികാരങ്ങൾ, ജീവിതസമസ്യകൾ, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി അവതരിപ്പിക്കാൻ നാടകത്തിനുള്ള കഴിവ് അതുല്യമാണ്. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ഈ കലാരൂപം, ചിന്തയും ബോധവൽക്കരണവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ നാടകവേദി പലപ്പോഴും സാമൂഹിക മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, നാടകത്തിന് വലിയ പാരമ്പര്യമുണ്ട്. കാവാലം നാരായണപ്പണിക്കർ (1928–2016) കേരളത്തിലെ ഒരു പ്രമുഖ നാടകകൃത്തും കവിയും സംഗീതസംവിധായകനുമായിരുന്നു. മലയാള നാടക രംഗത്ത് നവോത്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തികളിൽ ഒരാളാണ്.
തോപ്പിൽ ഭാസി (1924–1992) കേരളത്തിലെ ഒരു പ്രശസ്ത നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾ തന്റെ കൃതികളിലൂടെ ശക്തമായി അവതരിപ്പിച്ച കലാകാരനാണ്.
ഇവരെ പോലുള്ള പ്രമുഖരുടെ സംഭാവനകൾ മലയാള നാടകവേദിയെ സമ്പന്നമാക്കി എന്നു തന്നെ വേണം പറയാൻ. ഇവരുടെ കൃതികൾ സാമൂഹിക സന്ദേശങ്ങളും കലാസൗന്ദര്യവും സമന്വയിപ്പിച്ചവയായിരുന്നു.
ലോക നാടകദിനത്തിൽ വിവിധ രാജ്യങ്ങളിൽ നാടകാവിഷ്കാരങ്ങൾ, കലാപരിപാടികൾ, ചര്ച്ചകള്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ, ഓരോ വർഷവും ലോകപ്രശസ്ത കലാകാരന്മാർ നൽകുന്ന സന്ദേശം നാടകപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുപോലെ പ്രചോദിപ്പിക്കുന്നു.
ഇത്തരം ദിനാചരണങ്ങൾ നാടകകലയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. പുതിയ തലമുറക്ക് നാടകത്തിന്റെ മഹത്വം മനസ്സിലാക്കാനും ഈ രംഗത്തേക്ക് കടന്നുവരാൻ സഹായകവുമാകുന്നു.
അതിലൂടെ സംസ്കാരവും കലയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യ സമൂഹം കൂടുതൽ സമ്പന്നമാകുകയും ചെയ്യുമെന്നതിനാൽ ഇന്നേ ദിവസം ലോക നാടക ദിനമായി ആചരിച്ചു വരുന്നു.

