Home Nirakkoottuകാലം കഥ പറയുമ്പോൾ…

കാലം കഥ പറയുമ്പോൾ…

by news_desk
0 comments

ജ്യോതിരാജ് തെക്കൂട്ട്

ബോൾഗാട്ടി പാലസിലേക്കുള്ള ഒരു യാത്ര, സാധാരണ വിനോദയാത്രയല്ല. അത് ഒരു കാലത്തിൻ്റെ യാത്രയാണ്. ഡച്ചുകാർ പണിത ലോകത്തേക്കും , ബ്രിട്ടീഷുകാർ ഭരിച്ച കാലത്തേക്കും , ഇന്നത്തെ സമാധാന സന്ധ്യകളിലേക്കും നയിക്കുന്ന ഒരനുഭവം.
കൊച്ചിനഗരത്തിൻ്റെ തിക്കിലും, തിരക്കിലും നിന്ന് അകലെയുള്ള ഒരു ദ്വീപിൽ, കാലങ്ങളുടെ കൈയൊപ്പ് പതിഞ്ഞ ഒരു സ്മാരകം ബോൾഗാട്ടി പാലസ്. വേമ്പനാട് കായലിൻ്റെ നീലതീരത്ത് നിൽക്കുന്ന ഈ കൊട്ടാരം ചരിത്രവും, പ്രകൃതിയും കൈകോർക്കുന്ന അപൂർവ്വ അനുഭവമാണ്.
കായലിൻ്റെ കരയിലെ ഒരു മൗനസംഗീതം പോലെ…
വേമ്പനാട് കായലിൻ്റെ വെള്ളത്തിരകൾ കൊട്ടാരത്തിൻ്റെ പച്ചപ്പുള്ള മൈതാനത്തോട് ചേർന്ന് തഴുകുമ്പോൾ അവിടം നിശ്ചലമാകുന്നു. സന്ധ്യാസമയത്ത് ചുവന്ന സൂര്യൻ കായലിൽ പതിക്കുന്ന നിമിഷങ്ങൾ ക്യാമറയിൽ പകർത്താനല്ല. മനസ്സിൽ പതിക്കാനാണ് നാമോരുത്തരും ആഗ്രഹിക്കുക.

പൈതൃകത്തിൻ്റെ രാജകീയ സാന്നിധ്യം

17 ാം നൂറ്റാണ്ടിൽ കേരള തീരപ്രദേശങ്ങളിൽ വ്യാപാരാധിപത്യം സ്ഥാപിച്ചിരുന്ന ഡച്ചുകാർ കൊച്ചിയിൽ ഭരണ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് ബോൾഗാട്ടി ദ്വീപിൽ ഈ കൊട്ടാരം പണി കഴിപ്പിച്ചത്. കായലിനോട് ചേർന്ന ഈ സ്ഥലം വ്യാപാരപരമായും, സൈനികപരമായും പ്രാധാന്യമുള്ളതായിരുന്നു.1909-ൽ ബ്രിട്ടീഷുകാർ കൊച്ചിയെ കൈവശപ്പെടുത്തി. തുടർന്ന് ബോൾഗാട്ടി പാലസ് ബ്രിട്ടീഷ് റസിഡൻ്റുമാരുടെ വസതിയായി ഉപയോഗിക്കപ്പെട്ടു. അതോടെ ഈ കൊട്ടാരം ഭരണപരമായ ഒരു കേന്ദ്രമായി മാറി. ആ കാലഘട്ടത്തിൽ ഇവിടെ നിരവധി ഔദ്യോഗിക സമ്മേളനങ്ങളും ചടങ്ങുകളും നടന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. പിന്നീട് 1970- കൾക്കു ശേഷം കേരള ടൂറിസം വികസന കോർപ്പറേഷൻ(KTDC) ഇതിനെ പൈതൃക ഹോട്ടലായി പരിപാലിക്കാൻ തുടങ്ങി. പഴമയുടെ ഗന്ധം നിലനിർത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ഇന്നിത് ഒരു ഹെറിറ്റേജ് ടൂറിസം കേന്ദ്രമായി പ്രവർത്തിക്കുന്നു. വേമ്പനാട് കായലിൻ്റെ തീരത്ത് സ്ഥിതിചെയ്യുന്ന ബോൾഗാട്ടി പാലസ് കൊച്ചിയുടെ കോളനിവൽക്കരണചരിത്രവും, കേരളത്തിൻ്റെ പ്രകൃതി സൗന്ദര്യവും ഒരുമിപ്പിക്കുന്ന അപൂർവ സ്മാരകമാണ്.1744- ൽ സ്ഥാപിതമായ ഈ കൊട്ടാരം മൂന്ന് നൂറ്റാണ്ടുകളായി കാലത്തിൻ്റെ മാറ്റങ്ങളിൽ, ഗോൾഫ് കോഴ്സും, നടപ്പാതകളും, ഹരിതപരിസരവും ചേർന്ന് വിനോദസഞ്ചാരികൾക്ക് ഒരു സമാധാനതീരമായി മാറുന്നു. ചരിത്രത്തിൻ്റെ പേജുകളിൽ നിന്നുയർന്ന് ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്ന ബോൾഗാട്ടി പാലസ് കേരളത്തിൻ്റെ കോളനിവൽക്കരണ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന സജീവ സ്മാരകമാണ്.

കടൽക്കാറ്റിൽ കൊത്തിയ ഡച്ച് ശൈലി

കേരളത്തിൽ ഡച്ച് വാസ്തുശൈലിയുടെ ഏറ്റവും സജീവമായ സാക്ഷ്യങ്ങളിൽ ഒന്നാണ് ബോൾഗാട്ടി പാലസ്. കേരളത്തിൻ്റെ ഈർപ്പമുള്ള കാലാവസ്ഥയെ മാനിച്ച് ഉയർത്തിയ മുറികൾ, കാറ്റ് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്ന ജനാലകൾ വിശാലമായ വരാന്തകൾ, ഉയർന്ന മേൽക്കൂരകൾ, മരപ്പണിയുടെ ശിൽപ്പ ചാരുത, കട്ടിയുള്ള മതിൽക്കെട്ടുകൾ, ലാളിത്യവും ,മിതത്വവും സൂക്ഷിക്കുന്ന ഡച്ച് വാസ്തുശൈലിയിൽ ഓരോ മുറിയും കാലത്തിൻ്റെ കഥകൾ ചൊല്ലുന്ന പോലെ തോന്നിപ്പിക്കുന്നു. ഡച്ച് സംസ്കാരവും, കേരളത്തിൻ്റെ ഭൗമിക സാന്നിധ്യവും തമ്മിൽ ഒരു നിസ്സംഗസംവാദം രൂപം കൊള്ളുന്നതുപോലെയും.
അലങ്കാരാഢംബരങ്ങളെക്കാൾ ഉപയോഗ പ്രാധാന്യത്തിന് മുൻതൂക്കം നൽകുന്ന കൊളോണിയൽ പൈതൃകത്തിൻ്റെ ആകർഷണം ഇന്നും കെട്ടിടത്തിൻ്റെ രൂപകൽപ്പനയിൽ തെളിഞ്ഞു നിൽക്കുന്നു.

ഒരു നിശ്ശബ്ദ പ്രണയഗാനം പോലെ വേമ്പനാട്

ചരിത്രവും ജലവും കൈകോർക്കുന്ന ദൃശ്യം. ബോൾഗാട്ടി പാലസിൻ്റെ ഉയർന്ന വരാന്തയിൽ നിന്ന് ഈ കാഴ്ച കാണുമ്പോൾ, ഒരു വശത്ത് മൂന്ന് നൂറ്റാണ്ടുകളുടെ ചരിത്രവും, മറുവശത്ത് അനന്തമായ പ്രകൃതിയും. ഈ രണ്ടിൻ്റെയും സംഗമം അനുഭവിക്കാം. പച്ചത്തണൽമൈതാനത്ത് നിന്ന് ദൂരേക്ക് നോക്കുമ്പോൾ നീലവിരിച്ചു നിൽക്കുന്ന വേമ്പനാട് കായലിൻ്റെ ഭംഗി കണ്ണിനും, മനസ്സിനും ഒരു പോലെ ആഹ്ലാദം പകരുന്നു. സൂര്യോദയത്തിൻ്റെ സ്വർണ്ണകിരണങ്ങൾ കായലിൻ്റെ മേൽ പതിക്കുമ്പോൾ, ജലം പൊൻതൂവൽ പോലെ മിന്നിത്തിളങ്ങുന്നു.
സന്ധ്യാസമയത്ത് ഈ ദൃശ്യം കൂടുതൽ കവിതാസ്മരണയാകുന്നു. ചുവപ്പും, ഓറഞ്ച് നിറങ്ങളുമായ ആകാശം കായലിൽ പ്രതിഫലിക്കുമ്പോൾ, വെള്ളം ഒരു ചിത്രകാരൻ്റെ പടം പോലെ മാറുന്നു. ദൂരെയായി നീങ്ങുന്ന ഹൗസ്ബോട്ടുകളും, ചെറുവള്ളങ്ങളും ഈ ചിത്രത്തിന് ജീവൻ നൽകുന്ന വരകളാകുന്നു. വേമ്പനാട് കായൽ ഇവിടെ ഒരു ജലാശയം മാത്രമല്ല; ഒരു അനുഭവമാണ്. ഒരു കവിതയാണ്. ഒരു നിശ്ശബ്ദ പ്രണയഗാനം പോലെ മനസ്സിൽ പതിയുന്ന ഓർമയാണ്.

മറീന: യാച്ചുകളുടെ സ്വപ്നത്താവളം

കൊച്ചി തുറമുഖ നഗരത്തിന്റെ വ്യാപാരചരിത്രവും, ആധുനിക ടൂറിസം സ്വപ്നങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന സുന്ദരമായ പാലമാണ് കൊച്ചി ഇൻ്റർനാഷ്ണൽ മറീന. അന്താരാഷ്ട്ര യാച്ച് ടൂറിസത്തെ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത മറീന, അറബിക്കടൽ വഴിയുള്ള സ്വകാര്യ യാച്ച് യാത്രകൾക്കുള്ള ഇന്ത്യയിലെ പ്രധാന പ്രവേശന കവാടമായി അറിയപ്പെടുന്നു. ഒരേസമയം മുപ്പത്തിനാലോളം യാച്ചുകളും ,സെയിലിംഗ് ബോട്ടുകളും നങ്കൂരമിടാൻ കഴിയുന്ന സൗകര്യവും, 8 മുതൽ 40 മീറ്റർ വരെ നീളമുള്ള കപ്പലുകൾക്കുള്ള ബർത്ത്, വൈദ്യുതി,ജലവിതരണം, ഇന്ധനം, സുരക്ഷ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരു വശത്ത് പച്ചപ്പിൻ്റ ദ്വീപ് സമാധാനവും, മറുവശത്ത് തിരക്കേറിയ തുറമുഖ ചലനവും. ഇരുവശങ്ങളുടെയും സാന്നിധ്യം മറീനയ്ക്ക് പ്രത്യേക ഭംഗി നൽകുന്നു. സായാഹ്നത്തിൽ കപ്പലുകളുടെ മസ്തകങ്ങളിൽ പതിയുന്ന സ്വർണ്ണപ്രഭ, കടലും നഗരവും കൈകോർക്കുന്ന നിമിഷം പോലെ തോന്നും. ഇത് വെറും ഒരു കപ്പൽത്താവളം മാത്രമല്ല; കേരളത്തിന്റെ തീര സംസ്കാരത്തിന്റെ ആധുനിക പ്രതീകമാണ്.

ആഘോഷങ്ങളുടെ അരങ്ങ്

വിശാലമായ കോൺഫറൻസ് ഹാളുകളും ആധുനിക സജ്ജീകരണങ്ങളുമുള്ള ബോൾഗാട്ടി ഇവൻ്റ് സെൻ്റർ കൊച്ചി തുറമുഖം, കായൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അറബിക്കടൽ എന്നിവക്ക് അഭിമുഖമായി നിലകൊള്ളുന്നു. അന്താരാഷ്ട്ര സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, കൺവെൻഷനുകൾ, പ്രദർശനങ്ങൾ, വിവാഹസത്കാരങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ തുടങ്ങി നിരവധി സൗകര്യങ്ങളോടെ കായലിനോട് ചേർന്ന ഈ വേദി, പ്രകൃതി സൗന്ദര്യവും, സൗകര്യങ്ങളും ഒരുമിച്ച് നൽകുന്ന അപൂർവ അനുഭവമാണ്.
പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന പച്ചപ്പിൻ്റെ വിസ്തൃത കുട മൂടിയിൽ ഒതുങ്ങി നിൽക്കുന്ന ഈ റിസോർട്ട് ,ഹണിമൂൺ പറുദീസയായും പ്രശസ്തമാണ്. ബോൾഗാട്ടി പാലസ് അനശ്വരങ്ങളായ അനവധി മലയാള ചലച്ചിത്രങ്ങളുടെ ഗാനചിത്രീകരണങ്ങൾക്കും കുടുംബ പശ്ചാത്തലങ്ങൾക്കും വേദിയായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പൈതൃകത്തിൻ്റെയും, പുരോഗതിയുടെയും സംഗമം ബോൾഗാട്ടി പാലസിൻ്റെ മൂന്ന് നൂറ്റാണ്ടുകളുടെ ചരിത്രത്തിന് ഒപ്പം, മറീനയും, ഇവൻ്റ് സെൻ്ററും ചേർന്ന് ഈ ദ്വീപിനെ സമകാലീന വിനോദസഞ്ചാര – വാണിജ്യ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.
ബോൾഗാട്ടി ഇന്നൊരു കൊട്ടാരം മാത്രമല്ല; അത് ചരിത്രവും ആധുനികതയും ചേർന്നു നിൽക്കുന്ന ഒരു സമഗ്ര അനുഭവലോകമാണ്. കൊട്ടാര സമാന സ്യൂട്ടുകൾ, മാൻഷൻ ബ്ലോക്ക്, ലേക്ക് വ്യൂ കോട്ടേജുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കടൽ ,കായൽ, പൈതൃകം, വാസ്തുശിൽപ്പം,സാംസ്കാരിക വൈവിധ്യം ഇവയെല്ലാം ചേർന്നാണ് കൊച്ചി ഒരു സമ്പൂർണ്ണ യാത്രാനുഭവമായി മാറുന്നത്. ആ അനുഭവത്തെ രാജകീയതയോടെ പൂർത്തിയാക്കുന്ന താമസ മേഖലയാണ് ബോൾഗാട്ടി പാലസ് റിസോർട്ട്.

You may also like