Home Nirakkoottuറിതൂൽ റിഥം

റിതൂൽ റിഥം

by news_desk
0 comments

ജ്യോതിരാജ് തെക്കൂട്ട്

“ഇത്ര പഠിച്ചിട്ട് ഒടുവിൽ കൃഷിയാണോ? മണ്ണിലും, ചേറിലും പണിയെടുത്ത് നീ നിൻ്റെ ജീവിതം പാഴാക്കുകയാണോ?”ഇങ്ങനെ പല ശബ്ദങ്ങളും അയാളെ ചുറ്റിപ്പറ്റി ഉയരുമ്പോഴും.. ബികോം ബിരുദ ധാരിയായ ഒരു യുവാവ് വിദേശത്തേക്ക് പോകാതെ ,വലിയ ജോലികളുടെ പിന്നാലെ ഓടാതെ, മണ്ണിനോട് ചേർന്ന് കൃഷി ചെയ്ത് ജീവിക്കാൻ തീരുമാനിക്കുന്നു. സമൂഹം വിജയത്തെ പലപ്പോഴും ശമ്പളത്തിലും, പദവിയിലും വിദേശരാജ്യങ്ങളുടെ ഗരിമയിലും അളക്കുമ്പോൾ, ചിലർ വിജയിക്കുന്നത് ലോകം തെളിയിക്കുന്ന വഴിയിൽ നടക്കുമ്പോഴല്ല, സ്വന്തം ഹൃദയം കാണിക്കുന്ന വഴിയിൽ നടന്ന് തുടങ്ങുമ്പോഴാണ്.
സ്നേഹവും അധ്വാനവും നിക്ഷേപിച്ചാൽ മണ്ണിനെ പൊന്നാക്കാൻ കഴിയുമെന്ന് പറയുന്ന, കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ ലഭിച്ച മികച്ച യുവ ജൈവകർഷകൻ അരിമ്പൂർ സ്വദേശി റിതൂലിൻ്റെ കൃഷി ജീവിതം ഇന്നത്തെ യുവാക്കൾക്ക് പ്രചോദനമാവുകയാണ്.

വിത്തും അധ്വാനവും

അരിമ്പൂരിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച റിതൂലിൻ്റെ അച്ഛനും, മുത്തച്ഛനും കൃഷിക്കാരായിരുന്നു.
റിതൂലിൻ്റെ കുട്ടിക്കാലം അതിരില്ലാത്ത കൗതുകങ്ങളുടേതായിരുന്നു. പച്ചവിരിച്ചു നിൽക്കുന്ന പാടത്തിൻ്റെ വരമ്പുകളിൽ തെന്നി വീഴാതെ ഓടാൻ പഠിച്ച കാലം;പാടത്ത് ഞാറു നടുമ്പോഴും, കൊയ്യുമ്പോഴും, മെതിക്കുമ്പോഴുമെല്ലാം കുഞ്ഞു റിതൂൽ അവർക്കിടയിലൂടെ ഓടി നടന്ന് ഒരേ സമയം കാര്യക്കാരനും ,നിരീക്ഷകനും, നിർദ്ദേശകനുമാകുന്ന കാഴ്ച പണിക്കാർക്കിടയിൽ ആഹ്ളാദവും, ആവേശവും നിറയ്ക്കുമായിരുന്നു. കൃഷിക്കാവശ്യമുള്ള വെള്ളം കൃഷിയിടത്തിൽ തന്നെ നിർമ്മിച്ച കുളത്തിൽ നിന്നായിരുന്നു. അതൊരിക്കലും വറ്റാറില്ലെന്ന് റിതൂൽ പറയുന്നു. വർഷക്കാലങ്ങളിൽ സ്കൂളിൽ പോകുന്നതുപോലും പാടത്തു വെള്ളം കയറാതിരിക്കാൻ വരമ്പ് കെട്ടിത്തിരിച്ച ശേഷമാണ്.അവൻ്റെ പഠനം മുഴുവൻ കൃഷിയിലായിരുന്നു, വൈകുന്നേരങ്ങളിലും റിതൂൽ സ്കൂൾ വിട്ട് ആദ്യമെത്തുന്നത് പാടത്തേക്കു തന്നെയായിരുന്നു. പാടം ഉഴുതുമറിക്കേണ്ടതെപ്പോൾ, വിത്തിടേണ്ടതെപ്പോൾ, കള പറിക്കേണ്ടതെപ്പോൾ എന്നെല്ലാം ആ ചെറുപ്രായത്തിൽ തന്നെ അവന് മനപ്പാഠമായിരുന്നു. കൃഷി ഇഷ്ടങ്ങൾക്കിടയിലും റിതൂൽ പഠിച്ച് ബികോം ബിരുദവും സ്വന്തമാക്കി.

പതിനഞ്ച് വയസ്സു മുതൽ കൃഷിയിടത്തിൽ സജീവമായതാണ് റിതൂൽ.ഡിഗ്രി പഠന ശേഷം കൃഷി ഒരു ജീവിത മാർഗ്ഗമായി സ്വീകരിച്ചപ്പോൾ, ആദ്യമെതിർത്തത് വീട്ടുകാർ തന്നെയാണെന്ന് റിതൂൽ പറയുന്നു.കുടുംബവുമായി കാലങ്ങളുടെ അടുപ്പമുണ്ടായിരുന്ന നാട്ടുകാരിൽ പലരും അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.ഗൾഫിലും മറ്റുമുള്ള സാധ്യതകളെ ചൂണ്ടികാട്ടിയവരുമുണ്ട്.
പക്ഷേ, തൻ്റെ ജീവനെ തുടിപ്പിക്കാൻ ഈ മണ്ണി ടത്തിനല്ലാതെ മറ്റൊന്നിനുമാകില്ലെന്ന് റിതൂലിന് നന്നായി അറിയാം.

രണ്ടേക്കറിലെ സ്വപ്നലോകം

അക്കാലത്ത് കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന ഒന്നര ഏക്കർ സ്ഥലത്ത്, നെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത്.( ജ്യോതി, രേവതി, ജയ…) വലിയ ക്ലാസ്സുകളിലെത്തിയപ്പോഴാണ് തമിഴ്നാട്ടിൽ നിന്നും കീടനാശിനി തളിച്ച് നമ്മുടെ മാർക്കറ്റിലെത്തുന്ന പച്ചക്കറികൾ പല ആരോഗ്യപ്രശ്നങ്ങളുടെയും ഉറവിടമാണെന്ന് റിതൂലിന് തിരിച്ചറിവുണ്ടാകുന്നത്.

പച്ചക്കറി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് 50 സെൻ്റ് സ്ഥലം റിതൂൽ വാങ്ങിയത്. അവിടെ
വാഴയും കവുങ്ങും പയറും ഇഞ്ചിയും വെണ്ടയും മുന്തിരിയും മുളകും, വഴുതനയും, കുമ്പളങ്ങ, മത്തങ്ങ, വെണ്ട, തക്കാളി, ചേന,ചേമ്പ്, കൂർക്ക … അങ്ങനെ ഓരോ വിളയും അദ്ദേഹത്തിന്റെ കൈകളിൽ ഒരു സ്വരമായി വിടർന്നു.. പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിച്ചായിരുന്നു റി തൂലിൻ്റെ കൃഷി രീതികൾ.കൂടാതെ പെട്ടെന്ന് കായ്ക്കുന്ന തെങ്ങുകളും നട്ടിട്ടുണ്ട്. പശുവിന്റെ സാന്ത്വന കണ്ണുകൾ മുതൽ തേനീച്ചയുടെ ഗുഞ്ജനം വരെ, മീൻകുളത്തിന്റെ തിരമാലകൾ മുതൽ കോഴിയും താറാവും പ്രാവും, നിറക്കുന്ന പ്രഭാതങ്ങളും വരെ എല്ലാം ചേർന്ന് ഒരു സമഗ്രജീവിതത്തിന്റെ സംഗീതം പകരുന്നു.അടുത്ത കാലത്തായി തേനീച്ച വളർത്തലും എള്ള്, ഉഴുന്ന്, റാഗി എന്നിവയുടെ കൃഷിയും ആരംഭിച്ചു. ഒരു വർഷം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ കമ്പോഡിയൻ മുന്തിരി കൃഷി തുടങ്ങിയത്. ഒരു കുലയിൽ നാല് കിലോ മുന്തിരി വരെ ലഭിക്കാവുന്ന ഇനമായ ഇതിൽ മുമ്പത്തഞ്ചോളം കുലകളാണ് ലഭിച്ചതെന്ന് റിതൂൽ പറയുന്നു. അതു കൊണ്ട് മുന്തിരി കൃഷിയിലും ശ്രദ്ധിക്കണമെന്നാണ് റിതൂലിൻ്റെ ആഗ്രഹം.

വീടിനോട് ചേർന്നു ടാങ്കിൽ മത്സ്യകൃഷിയും നടത്തുന്ന റിതൂൽ, അതിരാവിലെ പശുവിനെ കറന്ന് പാൽ സൊസൈറ്റിയിലും അടുത്തുള്ള വീടുകളിലും നൽകി, ഏഴ് മണിയോടെ തന്നെ പറമ്പിലേയ്ക്കിറങ്ങും. പുതുമകൾ പരീക്ഷിച്ച് ചെറിയ ഇടങ്ങളിൽ പോലും മികച്ച രീതിയിൽ കൃഷി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് റിതൂൽ ഇതിനകം തെളിയിച്ചു കഴിഞ്ഞു. അമ്മ എൽസിയും, അച്ഛൻ ദേവസിയും റിതൂലിനെ സഹായിക്കാൻ കൂടെക്കൂടും.

വിപണന തന്ത്രം

കൃഷിയിൽ എത്ര പരിശ്രമിച്ചാലും വിപണനം ദുർബലമായാൽ കർഷകർ പലപ്പോഴും നിരാശരായി പിന്മാറുന്നുവെന്നാണ് റിതൂലിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ കൃഷി തുടങ്ങുന്ന നാൾ മുതൽ തന്നെ വിപണന തന്ത്രങ്ങൾക്കു അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. ജില്ലയിലെ എല്ലാ പച്ചക്കറി മാർക്കറ്റുകളിലേക്കും പരിസര പ്രദേശത്തെ കടകളിലേക്കും റിതൂലിൻ്റെ പച്ചക്കറികൾക്ക് വലിയ ഡിമാൻ്റാണ്. പച്ചക്കറി അരിയാനും തയ്യാറാക്കാനും സമയം കണ്ടെത്താനാകാത്തവർക്കായി മുൻകൂട്ടി ശുചിയാക്കി ഒരുക്കിയ പച്ചക്കറികൾ എത്തിക്കുന്ന രീതിയും അദ്ദേഹം സ്വീകരിച്ചു. ഇതിന് വിപണിയിൽ നല്ല സ്വീകാര്യത ലഭിച്ചു. വീടുകളിൽ നിന്നും പച്ചക്കറി ഓർഡറുകളെടുത്ത് എത്തിച്ചു കൊടുക്കുന്ന രീതിയും റിതൂൽ കൃത്യമായി പിൻതുടർന്നു. പച്ചക്കറികൾ നിത്യവും വിറ്റു പോയതു കൊണ്ട് സ്ഥിരവരുമാനമുള്ള ഒരു യുവകർഷകനായി റിതൂലിന് ഈ രംഗത്ത് ശോഭിക്കാനും കഴിഞ്ഞു.

കൃഷിയും കംപോസ്റ്റും

മണ്ണും, കൃഷിയുമായി ബന്ധപ്പെട്ട് പുതിയ വരുമാന ശ്രോതസുകൾ കണ്ടെത്തുവാൻ റിതൂൽ സദാ ജാഗ്രത്തായിരുന്നു. മണ്ണിര കംപോസ്റ്റ് നിർമാണം അങ്ങനെയാണ് ആരംഭിച്ചത്. പറമ്പിൽ നിന്നു ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ തന്നെയാണ് ഇതിനായി ഉപയോഗിച്ചത്. വിപണിയിൽ കിലോയ്ക്ക് ഇരുപത് രൂപയാണ് ഇതിന് വില. കൂടാതെ കംപോസ്റ്റ് ടാങ്കിൽ നിന്നും വരുന്ന ദ്രാവകം (വെർമിവാഷ്) ലിറ്ററിന് ഇരുപത്തഞ്ച് രൂപക്ക് വിൽക്കുവാനും കഴിയും. പച്ചമുളക്, വഴുതന, തക്കാളി…തുടങ്ങിയവയുടെ വളർച്ചക്കും, കൂടുതൽ വിളവുണ്ടാകുന്നതിനും ഇത് സഹായിക്കുമെന്ന് റിതൂൽ പറയുന്നു.

റിതൂലിന് കൃഷി തൊഴിൽമാത്രമല്ല. അത് ഒരു ധ്യാനമാണ്. മണ്ണിൽ വിത്ത് നട്ട് കാത്തിരിക്കുക എന്നത് ജീവിതത്തിൽ പ്രതീക്ഷയുടെ കാത്തിരിപ്പാണ്, വിളവെടുപ്പ് ജീവിതത്തിന്റെ ഉത്സവമാണ്. നെൽകതിരുകൾ പൊൻതൂവലായി കാറ്റിൽ തലോടുമ്പോൾ, തെങ്ങിൻ നിഴലുകൾ ഭൂമിയെ അനുഗ്രഹിക്കുമ്പോൾ, മഞ്ഞളിൻ മണം മണ്ണിൽ ചേർന്നുനിൽക്കുമ്പോൾ , “ഇത്ര സന്തോഷത്തോടെ ചെയ്യാൻ മറ്റൊന്നും തനിക്കാവില്ല.” എന്ന് റിതൂൽ പറയുന്നു.

You may also like