Home Nirakkoottuതെയ്യം

തെയ്യം

by news_desk
0 comments

ശ്രീധരൻ കോടിയത്ത് 

വടക്കൻ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തെയ്യം. തുലാമാസം പത്തു മുതല്‍ ഇടവം പകുതി വരെയാണ് തെയ്യക്കാലം എന്നാണ് പൊതുവെയുള്ള അറിവ്. എങ്കിലും ചിലയിടങ്ങളിൽ തുലാമാസം ആദ്യത്തെ ആഴ്ച മുതൽ തന്നെ തെയ്യം കെട്ടിയടിക്കാറുണ്ടെന്ന് പറയപ്പെടുന്നുണ്ട്. മലബാറിലുള്ള ഏതൊരു മലയാളിക്കും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്ഥാനം തെയ്യത്തിനോടുണ്ടാകും. അതാണ് അവർ ചിലപ്പോൾ ലോകത്തിന്റെ ഏതു മൂലയിൽ ആണെങ്കിലും സ്വന്തം നാട്ടിലോ തറവാട്ടിലോ തെയ്യം ഉണ്ടെങ്കിൽ പറന്നെത്തുന്നത്.

ഇതൊരു കലയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര് കാണും. എന്നാൽ മലബാറിലുള്ള മലയാളികൾക്ക് തെയ്യം എന്ന് പറഞ്ഞാൽ അത് ഒരു ദൈവീക സങ്കൽപ്പമാണ്. അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആണ്. വിവിധങ്ങളായ ദേവി (ഭഗവതി) ദേവന്മാർ (ഭഗവാൻ, ഈശ്വരൻ, ദൈവം) അല്ലെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മണ്മറിഞ്ഞു പോയ കാരണവന്മാർ, വീര യോദ്ധാക്കൾ എന്നീ  സങ്കല്പത്തോടെ ഓരോ തരത്തിലുള്ള കോലം ധരിച്ചു ഉറഞ്ഞാടി തന്നെ കാണാൻ വരുന്ന സർവ്വ ജനങ്ങൾക്കും അനുഗ്രഹം കൊടുക്കുന്നു എന്നാണ് വിശ്വാസം.

തെയ്യം കെട്ടിയാടുന്നതിന് സാധാരണ നിലയിൽ കളിയാട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. മിക്കവാറും ഇത്‌ ഏതെങ്കിലും നാടിന്റെ ദേവസ്ഥാനം, കഴകം, ക്ഷേത്രം, കാവ്, കോട്ടം അല്ലെങ്കിൽ ഓരോ കുടുംബങ്ങളുടെ അറ (പള്ളിയറ എന്നും ചില സ്ഥലങ്ങളിൽ പറയും) എന്നിവടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കാവുകളിൽ ആൽ, അരയാൽ, ഇലഞ്ഞി, ചെമ്പകം തുടങ്ങി ഉള്ള വൃക്ഷങ്ങളുടെ താഴെ ഒരു സങ്കല്പത്തിന് ചെറിയ കൽത്തറയും ചുറ്റും മതിലും മാത്രമേ കാണുകയുള്ളു.

ചില സ്ഥലങ്ങളിൽ എല്ലാ വർഷവും ഇത്‌ ഒരു നിശ്ചിത തീയതികളിൽ തന്നെയാണ് ചെയ്യുന്നത്. എന്നാൽ പല തറവാട് അറകളിലും ഇത്‌ കാരണവന്മാർ എല്ലാം കൂടിയിരുന്നു ഒരു തീയതി നിശ്ചയിച്ചു നടത്തുകയാണ് പതിവ്. ചില സ്ഥലങ്ങളിൽ (പ്രത്യേകിച്ച് മുച്ചിലോട്ട്  പോലുള്ള ക്ഷേത്രങ്ങളിൽ) ഇത്‌ പത്തോ, പതിനഞ്ചോ ചിലപ്പോൾ ഇരുപതോ വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും നടത്തുന്നത്. അതിനെ പെരുംകളിയാട്ടം എന്നാണ് അറിയപ്പെടുന്നത്.

തെയ്യം നടത്തുന്നതിന് മുമ്പേ തന്നെ മുഖ്യ കോലധാരികളെ വിളിച്ച് അടയാളം കൊടുക്കൽ എന്ന ഒരു ചടങ്ങ് ഉണ്ട്.
ചില പ്രത്യേക കാവുകളിലും, അറകളിലും ഉള്ള പ്രധാന കോലം (വലിയ തിരുമുടി വെക്കുന്ന ഭഗവതി, മുച്ചിലോട്ട് ഭഗവതി, ഒറ്റക്കോലം തീച്ചാമുണ്ഡി) കെട്ടുന്നവരും അതുപോലെ തന്നെ കഴകം അല്ലെങ്കിൽ തറവാട് പ്രധാനികൾ ( അച്ചന്മാർ എന്നും വിശേഷിക്കപ്പെടും) കോമരങ്ങൾ, വെളിച്ചപാടുകൾ,  പിന്നെ കലാശക്കാരൻ (കലശ തറ തെയ്യാറാക്കി പൂജ ചെയ്യുകയും ഗുരുസി കമിഴ്ത്തുകയും ഒക്കെ ചെയ്യുന്ന വ്യക്തി)  തുടങ്ങിയവരും വ്രതം അനുഷ്ഠിക്കാറുണ്ട്. അത് ചിലപ്പോൾ മൂന്നു ദിവസം, അഞ്ച് ദിവസം, ഏഴു ദിവസം, ഇരുപത്തിയൊന്നു ദിവസം  അങ്ങയൊക്കെയാണ്. 

പ്രധാന കോലക്കാർ ആദ്യ ദിവസം വൈകുന്നേരം സന്ധ്യയോട് കൂടി ക്ഷേത്ര നടയിൽ എത്തി വാഴയുടെ കൊടിയിലയിൽ അരിയും, കുറിയും, കത്തിച്ച തിരിയും വാങ്ങി തൊഴുതു വണങ്ങും. ശേഷം പ്രധാനികൾ ഓരോ കോലവും കെട്ടുന്ന കോലക്കാരെ നിശ്ചയിച്ചു ഉറപ്പിക്കും. അത് പ്രകാരം പിറ്റേ ദിവസം സന്ധ്യയോടെ ഓരോ തെയ്യത്തിന്റെയും തോറ്റം ഉണ്ടാകും. ചുവന്ന പട്ടുടുത്ത് പ്രത്യേകിച്ച് തെയ്യത്തെ പോലുള്ള വേഷമോ മുഖത്തെഴുത്തോ ഒന്നും ഇല്ലാതെ ചെയ്യുന്നതാണിത്. ഓരോ തെയ്യത്തിന്റെയും ഐതിഹ്യങ്ങൾ ഈ തോറ്റം പാട്ടിൽ കൂടി ചൊല്ലാറുണ്ട്. കോലക്കാരനും ഒന്നോ രണ്ടോ സഹായികളും ചെറിയ ചെണ്ട മേളത്തോടു  കൂടിയാണ് ആ കർമ്മം നിർവ്വഹിക്കുന്നത്.

ചില തെയ്യങ്ങൾക്ക് തോറ്റത്തിന്റെ സ്ഥാനത്ത് വെള്ളാട്ടം ഉണ്ടാകും. വെള്ളാട്ടം തെയ്യത്തിന്റെ യൗവനമായി ഉള്ള സങ്കല്പമാണ് സൂചിപ്പിക്കുന്നത്. ഇതിന് ചെറിയ വിധത്തിൽ മുഖത്തെഴുത്തും വേഷങ്ങളും കിരീടവും ഒക്കെ ഉണ്ടാകും. പിറ്റേ ദിവസം പുലർച്ചെ തൊട്ട് ഓരോ തെയ്യങ്ങളുടെയും പുറപ്പാടായിരിക്കും. ഓരോ തെയ്യത്തിനും അതിന്റെതായ പ്രത്യേക തരത്തിലുള്ള മുഖത്തെഴുത്തായിരുക്കും ചെയ്യുന്നത്. അരിച്ചാന്തും, ചുട്ട ചുണ്ണാമ്പും, മഞ്ഞളും, കരിമഷിയും ഒക്കെയാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്.

ചില പ്രത്യേക സമുദായത്തിൽപ്പെട്ട ആൾക്കാരാണ് തെയ്യ കോലം കെട്ടുന്നത്. അതിലും പല രൂപ ഭാവത്തിലുള്ള ഭഗവതി തെയ്യ കോലങ്ങൾ, മറ്റു ദേവ സങ്കല്പത്തിലുള്ള തെയ്യ കോലങ്ങൾ, കാരണവന്മാരുടെയും ധീര യോദ്ധാക്കളുടെയും സങ്കല്പത്തിലുള്ള തെയ്യ കോലങ്ങൾ തുടങ്ങിയവ കെട്ടുന്നത് വണ്ണാൻ വിഭാഗത്തിൽപ്പെട്ടവരും, വിഷ്ണു മൂർത്തി (നരസിംഹ അവതാരം), രക്ത ചാമുണ്ഡി, മടിയിൽ ചാമുണ്ഡി, തീ ചാമുണ്ഡി, ഉച്ചിട്ട, മന്ത്രമൂർത്തികൾ  തുടങ്ങിയ കോലം മലയൻ വിഭാഗത്തിൽപ്പെട്ടവരും, കുണ്ടോർ ചാമുണ്ഡി, കുറത്തി എന്നീ തെയ്യ കോലങ്ങൾ വേലൻ വിഭാഗത്തിൽപ്പെട്ടവരുമാണ് കെട്ടുന്നത്.  ഇതിനെല്ലാം പുറമെ ചില പ്രദേശങ്ങളിൽ മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ തുടങ്ങിയ ചില വിഭാഗത്തിൽപ്പെട്ടവരും പ്രത്യേക തരത്തിലുള്ള തെയ്യ കോലങ്ങൾ കെട്ടാറുണ്ടെന്നാണ് അറിയുന്നത്.

ഓരോ തെയ്യകോലത്തിനും അതിന്റേതായ രീതിൽ വിവിധ തരത്തിലുള്ള  മുഖത്തെഴുത്ത്‌, ആട ആഭരണങ്ങൾ കൂടാതെ പല വലിപ്പത്തിലും ആകൃതിയലും വർണ്ണത്തിലും അലങ്കരിച്ച തിരുമുടി (കിരീടം) എന്നിവയുണ്ട്. കൂടാതെ പുരുഷ സങ്കല്പത്തിലുള്ള തെയ്യത്തിന് കഴുത്തിൽ ആഭരണങ്ങൾ ഒഴികെ കാണുന്ന ഭാഗങ്ങളിൽ മുഴുവൻ ചില വർണ്ണങ്ങൾ കൊണ്ട് വരച്ചിടും, സ്ത്രീ സങ്കല്പത്തിലുള്ള തെയ്യത്തിന് മാറും വയറും മറക്കാൻ ഉപയോഗിക്കുന്ന ആഭരണം ഏഴിയരം അല്ലെങ്കിൽ ഓട് കൊണ്ടോ പാള കൊണ്ടോ ഉണ്ടാക്കിയ പ്രത്യേക തരം മാറും വയറും ആണ് ഉപയോഗിക്കുന്നത്. പിന്നെ ഓരോ കോലത്തിനും അനുസരിച്ചുള്ള ഉടയാഭരണം, കൈയ്യാഭരണം, കാലാഭരണം എന്നിവ അണിയും. ചില തെയ്യങ്ങൾക്ക് കണ്ണിന് മാത്രം കെട്ടുന്ന പൊയ്ക്കണ്ണ് ഉണ്ടാകും, എന്നാൽ പൊട്ടൻ, ഗുളികൻ പോലുള്ള തെയ്യങ്ങൾക്ക് മുഖം മറക്കുമാറ് തെങ്ങിന്റെ പാളയിൽ വരച്ചിടുകയാണ് പതിവ്.

ഓരോ തെയ്യവും തുടങ്ങി വാദ്യഘോഷത്തിനനുസരിച്ച് നൃത്തം ചവിട്ടി ദൈവസങ്കല്പത്തോടെ  ഉറഞ്ഞു തുള്ളി കഴിഞ്ഞാൽ അത് ദേവി ദേവന്മാരുടെ പ്രതീകമാകുന്നു. അപ്പോൾ മുഴുവൻ ഭക്തരും  തൊഴുത്‌ വണങ്ങി ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങും.

തുലാമാസത്തില്‍ ഉത്സവകാലം ആരംഭിച്ചാല്‍ പിന്നെ ഇടവമാസം പകുതിയോടെ കളരിവാതുക്കള്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടുകൂടിയാണ് ഉത്സവകാലത്തിന് തിരിശ്ശീല വീഴുന്നത്.

You may also like