Home Keralaശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം; നിര്‍ണായക പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, ‘ആചാരങ്ങള്‍ സംരക്ഷിക്കണം, വിധിയെ എതിര്‍ക്കും’

ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം; നിര്‍ണായക പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, ‘ആചാരങ്ങള്‍ സംരക്ഷിക്കണം, വിധിയെ എതിര്‍ക്കും’

by news_desk
0 comments

തിരുവനന്തപുരം. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനുള്ള  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിൽ പ്രതികരിച്ച് പ്രസിഡന്‍റ് കെ ജയകുമാര്‍. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിര്‍ക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്‍റെ നിലപാടണെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ നിര്‍ണായക നിലപാട് മാറ്റമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റേത്. നിലപാട് അറിയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിൽ വിശദമായ ബജറ്റ് ഉണ്ടായിട്ടില്ല. ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. വരുമാനത്തിലെ ചോര്‍ച്ച അടക്കം തടയാൻ ഇതിലൂടെ കഴിയും. ശബരിമലയിൽ കൃത്യമായ കണക്ക് ഉറപ്പാക്കുന്നതിന് ബജറ്റ് സഹായകമാകും. ആദ്യമായിട്ടാണ് ഇത്തരത്തിൽ പ്രത്യേക ബജറ്റ് ഉണ്ടാക്കുന്നത്. ഇടയ്ക്കിടക്ക് അഡ്വാന്‍സ് കൊടുക്കുന്ന രീതിയടക്കം മാറ്റി കൂടുതൽ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനാകും. കച്ചവട സ്ഥാപനങ്ങൾക്ക് പുതിയ ടെണ്ടർ രീതി കൊണ്ടുവരും. ലേലത്തിൽ എടുക്കുന്നവരുടെ കുത്തക ഒഴിവാക്കി കാര്യങ്ങള്‍ കൂടി സുതാര്യമാക്കും. ശബരിമലയിൽ വൃത്തിപോരെന്ന പരാതി നേരത്തെയുണ്ട്. തുത്തുവാരലിന് അപ്പുറത്ത് ശുചിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിലടക്കം ആവശ്യമായ നടപടി സ്വീകരിക്കും. ശബരിമലയിലെ സ്പോൺസർഷിപ്പിൽ സുതാര്യത ഉറപ്പാക്കും. ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് മാത്രമായിരിക്കും സ്പോൺസർഷിപ്പ് ഉണ്ടാകുക. താൽപര്യം അറിയിക്കുന്നവരിൽ നിന്ന് നേരിട്ട് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കും. ഇതിനായി ഇടനിലക്കാരുണ്ടാകില്ല.

You may also like