ന്യൂഡൽഹി: കെ. സുധാകരന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിനായി കടുത്ത സമ്മർദ്ദവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശും രംഗത്തെത്തിയതോടെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാകുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരന് വേണ്ടി തിരുത്തിയതോടെയാണ്, തനിക്കും കോന്നിയിൽ മത്സരിക്കാൻ അവസരം വേണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് നേതൃത്വത്തെ സമീപിച്ചത്. മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കി നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചാണ് അടൂർ പ്രകാശ് തന്റെ നിലപാട് വ്യക്തമാക്കിയത്. കോന്നിയിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പാർട്ടി നേതൃത്വം തന്നെ തന്നോട് ആവശ്യപ്പെട്ടിരുന്നതായും, അണികളുടെ വികാരം മാനിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. സുധാകരന് നൽകിയ ഇളവ് തനിക്കും വേണമെന്ന അടൂർ പ്രകാശിന്റെ കടുംപിടുത്തം പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, കണ്ണൂരിൽ സുധാകരനെ മത്സരിപ്പിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വത്തിൽ വലിയ പ്രതിഷേധം ഇരമ്പുകയാണ്. എളയാവൂർ, കണ്ണൂർ ബ്ലോക്ക് കമ്മിറ്റികൾ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇന്ന് നടന്ന ഡിസിസി യോഗത്തിൽ പത്തോളം മണ്ഡലം പ്രസിഡന്റുമാർ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തി. പാർട്ടിയെ അനുസരിക്കാത്ത സുധാകരന് വേണ്ടി തങ്ങൾ പ്രചാരണത്തിന് ഇറങ്ങില്ലെന്നും ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട ഒരാളെ എങ്ങനെ വിശ്വസിക്കുമെന്നുമാണ് വിമർശകരുടെ ചോദ്യം. എന്നാൽ, എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്ന സുധാകരന് മുന്നിൽ പാർട്ടി വിടുമെന്ന ഭീഷണിയെത്തുടർന്ന് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള കേന്ദ്രനേതൃത്വത്തിന് മുട്ടുമടക്കേണ്ടി വരികയായിരുന്നു. സുധാകരന്റെ ഈ വിജയമാണ് ഇപ്പോൾ അടൂർ പ്രകാശിനും ആവേശം നൽകുന്നത്.

