Home Entertainmentമലയാളികളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ 

മലയാളികളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ 

by news_desk1
0 comments

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ അനശ്വര ശബ്ദമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ വൈകിട്ട് നാല് മണിക്ക് സംസ്കാരം നടക്കും.

12,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ, ഭാഷാതടസ്സങ്ങളെ മറികടന്ന് മലയാള സംഗീതപ്രേമികളുടെ ഹൃദയവും കീഴടക്കിയ ഗായികയായിരുന്നു. മലയാള സിനിമയിലേക്കുള്ള അവരുടെ സംഭാവനകളിൽ ഏറ്റവും ശ്രദ്ധേയമായത് 1977-ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന ചിത്രത്തിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനമാണ്. മലയാളത്തിന്റെ തനിമയാർന്ന ഉച്ചാരണമോടെയും മാധുര്യമാർന്ന ശബ്ദത്തോടെയും ആലപിച്ച ഈ ഗാനം ഇന്നും സംഗീതാസ്വാദകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്ര ജെയിൻ സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കാലം മാറിയിട്ടും ഈ പ്രണയഗാനം പുതിയ തലമുറയിലും ജനപ്രിയത കൈവിടാതെ തുടരുന്നു.

1943-ൽ മറാഠി ചിത്രമായ ‘മജാബാൽ’ വഴിയാണ് ആശാ ഭോസ്‌ലെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ അനേകം ഹിറ്റുകൾ സമ്മാനിച്ചു. ഒ.പി. നയ്യാർ, എസ്.ഡി. ബർമൻ, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്‌മാൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ച് അവർ സംഗീതലോകത്ത് അതുല്യമായ സ്ഥാനം നേടി.

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ആശാ ഭോസ്‌ലെയുടെ വേർപാട് ഇന്ത്യൻ സംഗീതലോകത്തിന് വലിയ നഷ്ടമാണ്. മലയാളികൾക്കും അവർക്കുള്ള സ്നേഹവും ഓർമ്മകളും എന്നും നിലനിൽക്കും.

You may also like