പട്ന: ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ജോലിക്കായി കടത്താന്‍ ശ്രമിച്ച 163 പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ റെയില്‍വേ പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ ഒരു എക്സ്പ്രസ് ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഗവണ്മെന്റ് റെയില്‍വേ പൊലീസും ചേര്‍ന്ന് ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാധുവായ ടിക്കറ്റുകളോ ആവശ്യമായ രേഖകളോ ഇല്ലാതെയാണ് കുട്ടികളെ ട്രെയിനില്‍ കൊണ്ടുപോയത്. ബിഹാറിലെ അരാരിയ മേഖലയിലാണ് കുട്ടികളെ കണ്ടെത്തിയതെന്നും ഇവരെ ജോലിക്കായി കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.
രക്ഷപ്പെടുത്തിയ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

