Home Top Stories‘വോട്ടിന് കിറ്റ്’ ആരോപണം; വാടാനപ്പള്ളിയില്‍ രാഷ്ട്രീയ സംഘര്‍ഷം, ഗോഡൗണില്‍നിന്ന് നടന്‍ ദേവന്‍ പുറത്തേക്ക്

‘വോട്ടിന് കിറ്റ്’ ആരോപണം; വാടാനപ്പള്ളിയില്‍ രാഷ്ട്രീയ സംഘര്‍ഷം, ഗോഡൗണില്‍നിന്ന് നടന്‍ ദേവന്‍ പുറത്തേക്ക്

by news_desk
0 comments

തൃശ്ശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ വോട്ടിനായി കിറ്റുകള്‍ തയ്യാറാക്കിയെന്നാരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷം. സ്വകാര്യ ഗോഡൗണില്‍ വലിയ തോതില്‍ കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോപണമുയര്‍ന്നതോടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തത്. ഏകദേശം രണ്ടായിരത്തോളം കിറ്റുകളാണ് ഇവിടെ എത്തിച്ചതെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗോഡൗണിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഗോഡൗണിനുള്ളിലുള്ളവരെ അറസ്റ്റ് ചെയ്യുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും വേണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയത്.

കിറ്റുകള്‍ സൂക്ഷിച്ചിരുന്നെന്നാരോപണമുള്ള ഗോഡൗണിന്റെ മുകളിലെ മുറിയില്‍നിന്ന് ബിജെപി നേതാവും നടനുമായ ദേവന്‍ പുറത്തുവന്നതോടെ സംഭവം കൂടുതല്‍ ശ്രദ്ധേയമായി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി കിറ്റുകള്‍ കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രദേശത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം ഒളരി പ്രദേശത്ത് വോട്ടര്‍മാര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏകദേശം 900 രൂപ വിലവരുന്ന 26 കിറ്റുകള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തുവെന്നാണ് ആരോപണം. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിയെ ഒന്നാം പ്രതിയാക്കി ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയിലായിരുന്നു നടപടി.

You may also like