Home Top Stories‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല’; സതീശനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല’; സതീശനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

by news_desk
0 comments

തിരുവനന്തപുരം: ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ബിജെപി ഡീൽ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി തന്റെ വിവാദ പദപ്രയോഗം ആവർത്തിച്ച് പ്രതിപക്ഷത്തിന് മറുപടി നൽകിയത്. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും ആർഎസ്എസിന് സംരക്ഷണം നൽകിയെന്ന് പരസ്യമായി സമ്മതിച്ച ചരിത്രമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പഴയ ‘കോലീബി’ സഖ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഡീൽ രാഷ്ട്രീയം ആരുടെ ശൈലിയാണെന്ന് ജനങ്ങൾക്കറിയാമെന്നും പരിഹസിച്ചു.

ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങളെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. അപരമത വിദ്വേഷം വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഓരോ മണ്ഡലത്തിലും പ്രത്യേക മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് പറയുന്നത് വിഘടനവാദമാണെന്നും ഉത്തരേന്ത്യയിൽ ആർഎസ്എസ് നടപ്പിലാക്കുന്ന അതേ രീതിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വർഗ്ഗീയ കലാപങ്ങളൊന്നുമുണ്ടായിട്ടില്ല. ഒരു വർഗ്ഗീയതയെയും ചാരിനിൽക്കുന്ന സർക്കാരല്ല ഇതെന്നും വർഗ്ഗീയ നീക്കങ്ങൾക്കെതിരെ കർക്കശമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂരിലെ എൽഡിഎഫിന്റെ ഉറച്ച ജയസാധ്യത കണ്ടാണ് ഇത്തരം വിദ്വേഷ പരാമർശങ്ങൾ ബിജെപി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലം ഉൾപ്പെടെയുള്ള എൽഡിഎഫ് കോട്ടകൾക്ക് ഒരു പോറലും ഏൽക്കില്ലെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലങ്ങളിൽ ആര് നടത്തുന്ന കുത്സിത നീക്കങ്ങളും ഫലം കാണില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തുടർച്ച ആഗ്രഹിക്കുന്ന കേരളം ഇത്തവണയും എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

You may also like