Home Top Storiesയുഡിഎഫിൽ സീറ്റ് ധാരണ പൂര്‍ത്തിയായി; കോൺഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ മത്സരിക്കും

യുഡിഎഫിൽ സീറ്റ് ധാരണ പൂര്‍ത്തിയായി; കോൺഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ മത്സരിക്കും

by news_desk
0 comments

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) 8 സീറ്റുകളിലും ജനവിധി തേടും.

ഇടുക്കി, ഏറ്റുമാനൂർ മണ്ഡലങ്ങൾ ഒരു തവണയ്ക്കായി കോൺഗ്രസിന് വിട്ടുനൽകിയതായും തൃക്കരിപ്പൂർ മണ്ഡലം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി പരസ്പരം മാറ്റിയതായും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും ആർഎസ്പി ഇത്തവണയും മത്സരിക്കും. എന്നാൽ മട്ടന്നൂർ കോൺഗ്രസിന് വിട്ടുനൽകിയതോടെ പകരമായി പയ്യന്നൂർ ആർഎസ്പിക്ക് ലഭിച്ചു. പ്രത്യേക സാഹചര്യത്തിൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്താതെ സ്വതന്ത്ര സ്ഥാനാർത്ഥിയായ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനും യുഡിഎഫ് തീരുമാനിച്ചു.

സീറ്റ് ധാരണ പ്രകാരം ആർഎംപിക്ക് വടകരയും തൃണമൂൽ കോൺഗ്രസിന് ബേപ്പൂരും അനുവദിച്ചു. ബേപ്പൂരിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. തിരുവനന്തപുരം മണ്ഡലം സിഎംപിക്കും, പിറവം കേരളാ കോൺഗ്രസ് (ജേക്കബ് വിഭാഗം) നേതാവ് അനൂപ് ജേക്കബിനും, പാലാ കെഡിപിക്കും വിട്ടുനൽകിയിട്ടുണ്ട്. ശേഷിക്കുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു.

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊടുങ്ങല്ലൂരിൽ ഒ.ജെ. ജനീഷ്, പാലക്കാട് രമേശ് പിഷാരടി, തവനൂരിൽ വി.എസ്. ജോ, നെന്മാറയിൽ എ. തങ്കപ്പൻ എന്നിവർ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ ചിറയിൻകീഴിൽ രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. കൊട്ടാരക്കരയിൽ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയും തൃത്താലയിൽ വി.ടി. ബൽറാമും കോൺഗ്രസ് സ്ഥാനാർത്ഥികളായി രംഗത്തിറങ്ങും.

കണ്ണൂർ, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ സൂചന.

You may also like