കണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കെ. സുധാകരന് ഇളവ് നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള പട്ടികയിൽ ടി.ഒ. മോഹനന്റെ പേര് തന്നെയാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ, ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന കെ. സുധാകരൻ തന്റെ യാത്ര നാളത്തേക്ക് മാറ്റി ഡൽഹിയിൽ തന്നെ തുടരുകയാണ്. സുധാകരന്റെ ഭീഷണിക്ക് മുന്നിൽ നേതൃത്വം വഴങ്ങിയെന്നും അദ്ദേഹത്തിന് പ്രത്യേക ഇളവ് നൽകാൻ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അന്തിമ പട്ടികയിൽ സുധാകരന്റെ പേര് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതേസമയം, സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കണ്ണൂർ ഡിസിസിയിൽ സുധാകരൻ-ടി.ഒ. മോഹനൻ അനുകൂലികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം അരങ്ങേറി. സുധാകരന് ഇളവ് നൽകിയാൽ തനിക്കും കോന്നിയിൽ മത്സരിക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി ഹൈക്കമാൻഡിന് കത്തയച്ചതോടെ പ്രതിസന്ധി ഇരട്ടിയായി. എന്നാൽ താൻ തന്നെയാകും കോന്നിയിലെ സ്ഥാനാർത്ഥിയെന്ന് സതീഷ് കൊച്ചുപറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും തമ്മിലുള്ള പോര് മുറുകുന്നതിനിടെ, സീറ്റ് ലഭിച്ചില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പ്രഖ്യാപിച്ചു. എൽദോസ് അനുകൂലികൾ മണ്ഡലത്തിൽ പ്രകടനം നടത്തിയതോടെ പലയിടങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ്.

