ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചയും നടത്തി.
പെരുമ്പാവൂരിലെ ഡിസ്ട്രിബ്യൂഷൻ സെൻ്ററിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ ഏകദേശം 3000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ 1852 സ്പെഷൽ പോലീസും ഡ്യൂട്ടിയിലുണ്ട്. 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു.
റൂറൽ ജില്ലയിൽ 6 ഇലക്ഷൻ സബ് ഡിവിഷനുകളിലായി ആകെ 1989 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി പൊലീസ് അറിയിച്ചു.

