ന്യൂഡൽഹി/കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന കടുത്ത പ്രതിസന്ധിക്ക് നാടകീയ പരിസമാപ്തി. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ നിന്ന് കെ. സുധാകരന് വേണ്ടി ഹൈക്കമാൻഡ് പിന്മാറി. സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹത്തിന് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാൻ എഐസിസി (AICC) തീരുമാനിച്ചു.
അനുനയ നീക്കവുമായി എ.കെ. ആന്റണി
സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പാർട്ടിയുമായി സഹകരിക്കില്ലെന്നും സുധാകരൻ നിലപാട് കടുപ്പിച്ചതോടെയാണ് മുതിർന്ന നേതാവ് എ.കെ. ആന്റണി ഇടപെട്ടത്. ഡൽഹിയിൽ തങ്ങുന്ന സുധാകരനെ ആന്റണി നേരിട്ട് വിളിച്ച് സംസാരിക്കുകയും പരാതികൾ കേൾക്കുകയും ചെയ്തു. സുധാകരന്റെ ജനപ്രീതിയും കണ്ണൂരിലെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനവും പരിഗണിക്കണമെന്ന് ആന്റണി ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തതായാണ് വിവരം.
പ്രത്യേക ഇളവ്; വിട്ടുവീഴ്ചയുമായി നേതൃത്വം
സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെയും ഹൈക്കമാൻഡ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. സുധാകരന്റെ കാര്യത്തിൽ മാത്രം പ്രത്യേക ഇളവ് നൽകാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള മറ്റ് എംപിമാരുടെ കാര്യത്തിലും സമാനമായ നീക്കങ്ങൾ ഉണ്ടാകുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
കണ്ണൂരിൽ ആവേശം; പിന്മാറി ടി.ഒ. മോഹനൻ
സുധാകരന് സീറ്റ് ലഭിക്കുമെന്ന വാർത്ത പുറത്തുവന്നതോടെ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. സുധാകരന് പകരം പരിഗണിക്കപ്പെട്ടിരുന്ന ടി.ഒ. മോഹനൻ ഇതോടെ മത്സരരംഗത്ത് നിന്ന് മാറിനിൽക്കും. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഡൽഹിയിൽ നിന്നുണ്ടാകും.

