കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിനെ തുടർന്ന് തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ജാമ്യ ഉത്തരവിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും കേസുകളിൽ വ്യക്തമായ തെളിവുകളില്ലെന്നുമായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. ശ്രീകോവിലിന് പുറത്തുള്ള കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും സ്വർണം പൂശൽ പൂജാവിധിയിലോ ആചാരത്തിലോ ഉൾപ്പെടുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഈ നിരീക്ഷണങ്ങളെ ചോദ്യം ചെയ്താണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയും ഒന്നാം പ്രതിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ടെന്നും വിവിധ ഘട്ടങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നും എസ്ഐടി വാദിക്കുന്നു.
സ്വർണ്ണപ്പാളി കടത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് എസ്ഐടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതോടെ കേസിൽ തുടർ നടപടികൾക്ക് വഴി തെളിഞ്ഞിരിക്കുകയാണ്.

