തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിന് പിന്നാലെ രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾമാർക്ക് എച്ച്‌യു ഐഡി (HUID) മുദ്ര പതിച്ചതായി കണക്കുകൾ. ഇതിൽ 15 കോടി ആഭരണങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.
2023-ൽ തന്നെ കേരളം സമ്പൂർണ്ണ ഹാൾമാർക്ക് സംസ്ഥാനമായി മാറിയതായും ഇന്ത്യയിൽ ഈ നേട്ടം കൈവരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാൾമാർക്കിംഗ് നിയമം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ജൂൺ 16-നാണ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. തുടർന്ന് 2021 ജൂലൈ 17 മുതൽ ഹാൾമാർക്കിംഗ് എച്ച്‌യു ഐഡി സംവിധാനത്തിലേക്ക് മാറ്റി. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ആറക്ക ആൽഫാന്യുമറിക് നമ്പർ പതിക്കൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിർബന്ധമാക്കി.
9, 14, 18, 20, 22, 23, 24 കാരറ്റ് സ്വർണാഭരണങ്ങളിലാണ് ഈ പ്രത്യേക തിരിച്ചറിയൽ നമ്പർ നിർബന്ധമായും പതിക്കേണ്ടത്.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയപ്പോൾ രാജ്യത്തെ 256 ജില്ലകളിൽ മാത്രമാണ് സംവിധാനം നിലവിലുണ്ടായിരുന്നത്. നിലവിൽ 380 ജില്ലകളിൽ ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനാൽ അവിടങ്ങളിലാണ് നിയമം ബാധകമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 800 ജില്ലകളുള്ള ഇന്ത്യയിൽ പകുതിയിലധികം ജില്ലകളിൽ ഇപ്പോഴും ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലകളിൽ പരിശുദ്ധി ഉറപ്പില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ സാധിക്കുന്ന സാഹചര്യം ആഭരണ വ്യാപാര മേഖലയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അഡ്വ. അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.

