Home Top Stories‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമം’ — എം.കെ. രാഘവൻ

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമം’ — എം.കെ. രാഘവൻ

by news_desk
0 comments

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി വ്യക്തമാക്കി. തോൽവി സാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമാണ് തനിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിലേക്ക് തിരിച്ചുവരാൻ ജയസാധ്യത പ്രധാന ഘടകമാണെന്നും സ്ഥാനാർഥി നിർണയത്തിൽ അതാണ് മുൻഗണന നൽകേണ്ടതെന്നും രാഘവൻ അഭിപ്രായപ്പെട്ടു. കെ. സുധാകരന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ജില്ലയിൽ നിലവിൽ കോൺഗ്രസിന് എംഎൽഎമാർ ഇല്ലാത്ത സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടില്ലെന്നും സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഘവൻ ആവർത്തിച്ചു.

സർക്കാർ രൂപീകരിക്കാൻ സീറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും ജയസാധ്യതയുള്ളവർക്കാണ് അവസരം നൽകേണ്ടതെന്ന നിലപാടാണ് താൻ മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചുള്ള ചില വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ അഭിപ്രായഭിന്നതകൾ പുതുമയല്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും രാഘവൻ പറഞ്ഞു. സുധാകരനായാലും താനായാലും ഹൈക്കമാൻഡ് എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like