കണ്ണൂര്‍: സംസ്ഥാനത്തെ ആയുഷ് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനായി പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 തസ്തികകള്‍ സൃഷ്ടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും അനുവദിച്ചു. കൂടാതെ തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ നാല് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നാല് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപന നിലവാരം മെച്ചപ്പെടുത്തുകയും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അക്കാദമിക് പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തസ്തികകള്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

