തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി വരെ മഴ തുടരാനിടയുണ്ട്.
മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും കടുത്ത ചൂട് തുടരുന്ന സാഹചര്യമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് ഇൻഡെക്സ് ഉയർന്ന നിലയിലാണ്.
ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുകയും കുട, തൊപ്പി എന്നിവ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുയോഗങ്ങൾക്കും പ്രചാരണ പരിപാടികൾക്കും വൈകുന്നേര സമയം തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് അധികൃതർ വ്യക്തമാക്കി.
ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക, ഇടവേളകളിൽ വിശ്രമിക്കുക, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ ഒഴിവാക്കാനും, ഒആർഎസ്, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാനും നിർദേശം നൽകി.
ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്കും സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 108 ആംബുലൻസിനെയും 1077 ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിനെയും സമീപിക്കാവുന്നതാണ്.

