ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. തൃഷ (17), രത്‌നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്.
അനന്തഗിരി കുന്നുകൾക്കടുത്തുള്ള മുലാഗുമ്മി വെള്ളച്ചാട്ടത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തിൽ നിന്നുള്ള നാലു പെൺകുട്ടികളാണ് ഇവിടെ എത്തിയത്.
വെള്ളച്ചാട്ടത്തിന് സമീപമുള്ള വഴുക്കലുള്ള പാറക്കെട്ടുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂവരും തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തൽ അറിയാത്തതിനാൽ ശക്തമായ കുത്തൊഴുക്കിൽ ഇവർ കുടുങ്ങി.
നിലവിളി കേട്ട് നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളച്ചാട്ടം ചെറുതാണെങ്കിലും പ്രദേശത്ത് വഴുക്ക് കൂടുതലും ജലാശയത്തിൽ കുത്തൊഴുക്ക് ശക്തവുമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

