തിരുവനന്തപുരം സ്വദേശിയായ 33-കാരൻ കൃഷ്ണലാൽ അപകടത്തിൽപ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് അന്തരിച്ചു. മരണത്തിന് ശേഷവും മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമായി, അദ്ദേഹത്തിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്തു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.
ഏപ്രിൽ ഒന്നിന് ഒരുവാതിൽക്കോട്ടയിൽ നടന്ന അപകടത്തിലാണ് കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ എതിര്‍ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, കൃഷ്ണലാലിന്റെ സുഹൃത്ത് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഡ്രൈവർ മദ്യപിച്ച് അശ്രദ്ധയായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ, പ്രതിയെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്റ്റേഷനിൽ നിന്നുണ്ടായെന്നും സുഹൃത്ത് ആരോപിച്ചു.
അച്ഛന് ഭക്ഷണം വാങ്ങാൻ പുറപ്പെട്ട സമയത്താണ് അപകടം നടന്നതെന്നും സുഹൃത്ത് വ്യക്തമാക്കി.

