കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ രംഗത്ത്. വിദ്യാർത്ഥികളെ നിരന്തരമായി ബോഡി ഷെയ്മിങ്ങിന് ഇരയാക്കുകയും ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് ഈ അധ്യാപകന്റെ പതിവാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. നിതിൻരാജിന്റെ മരണത്തിന് പിന്നാലെ കോളജ് ക്യാമ്പസിൽ പ്രതിഷേധം പുകയുന്നതിനിടയിലാണ് അധ്യാപകന്റെ ക്രൂരതകൾ പുറംലോകമറിയുന്നത്.
വിദ്യാർത്ഥികളുടെ ശരീരനിറത്തെയും പ്രകൃതത്തെയും പരിഹസിക്കുന്നത് ഇദ്ദേഹത്തിന്റെ ശൈലിയാണെന്ന് ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തി. ബ്ലാക്കി, വൈറ്റി, കോക്രോച്ച് എന്നിങ്ങനെയുള്ള അധിക്ഷേപകരമായ പേരുകളാണ് വിദ്യാർത്ഥികളെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. നിറത്തിന്റെ പേരിൽ അപമാനിച്ചതിനെതിരെ ഡീനിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദ്ദേശം നൽകുന്ന വിചിത്രമായ രീതിയും ഇദ്ദേഹത്തിനുണ്ട്. നിർദ്ദേശം ലംഘിക്കാൻ കഴിയാത്തതിനാൽ ആൺകുട്ടികൾക്കും പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിലാണ്. വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളും കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

