മുംബൈ: ഫോക്സ്വാഗൺ അവതരിപ്പിക്കുന്ന പുതിയ ടൈഗൺ ഫെയ്സ്ലിഫ്റ്റിന്റെ ടീസർ പുറത്തിറങ്ങി. 2026 ഏപ്രിൽ 9ന് ഈ മിഡ്സൈസ് എസ്യുവി വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ടീസറിൽ വാഹനത്തിന്റെ സിലൗറ്റ് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലിനോട് സാമ്യമുള്ള രൂപകൽപ്പനയെങ്കിലും, കോസ്മെറ്റിക് മാറ്റങ്ങളും പുതുക്കിയ ഫീച്ചറുകളും ലഭിക്കുമെന്നാണ് സൂചന. ഫോക്സ്വാഗൺ ടൈഗൺ ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ പുതുക്കിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ലൈറ്റ് ബാർ, പ്രകാശിത ഫോക്സ്വാഗൺ ലോഗോ എന്നിവ ഉൾപ്പെടും. എൽഇഡി ഹെഡ്ലാമ്പുകളും ടെയിൽലാമ്പുകളും പുതുക്കിയ രൂപത്തിൽ എത്താനാണ് സാധ്യത.
അളവുകളുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 4,221 മില്ലീമീറ്റർ നീളം, 1,760 മില്ലീമീറ്റർ വീതി, 1,612 മില്ലീമീറ്റർ ഉയരം എന്നിവയുള്ള ടൈഗണിന് 2,651 മില്ലീമീറ്റർ വീൽബേസും 188 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരിക്കും. 385 ലിറ്റർ ബൂട്ട് സ്പേസ് 1,450 ലിറ്ററായി വികസിപ്പിക്കാനാകും.
ഇന്റീരിയറിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10.2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭിക്കാനാണ് സാധ്യത.
എഞ്ചിൻ വിഭാഗത്തിൽ നിലവിലുള്ള 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 1.0 ലിറ്റർ എഞ്ചിന് പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്തുന്നതാണ് പ്രധാന ആകർഷണം. 1.5 ലിറ്റർ എഞ്ചിൻ 7-സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനോടെയാണ് തുടരുമെന്നാണ് റിപ്പോർട്ട്.
പുതിയ ഫീച്ചറുകളും ആധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഫോക്സ്വാഗൺ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

