Home Top Stories‘നാലാം ടേമിൽ ഭാര്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം എന്തിന്?’; എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ

‘നാലാം ടേമിൽ ഭാര്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം എന്തിന്?’; എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ

by news_desk
0 comments

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ. മൂന്ന് തവണ എംഎൽഎയായതിന് ശേഷം നാലാം ടേമിൽ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് അദ്ദേഹം ചോദിച്ചു.

‘വർഗവഞ്ചന’ ആരോപണം തള്ളിക്കളഞ്ഞ ടി.കെ. ഗോവിന്ദൻ, താൻ ഇന്നും കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയാണെന്ന് വ്യക്തമാക്കി. പാർട്ടിയുടെ നയങ്ങളെയോ തീരുമാനങ്ങളെയോ ഒരിക്കലും എതിർത്തിട്ടില്ലെന്നും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ സ്വന്തം വർഗത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും ഇനി മരണത്തോളം കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടിയിലെ ജനാധിപത്യത്തെ തകർത്തുകൊണ്ട് വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണോ വർഗതാത്പര്യമെന്ന് ചോദിച്ച ടി.കെ. ഗോവിന്ദൻ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ വിവിധ തലങ്ങളിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെന്നും ആരോപിച്ചു. പല ലോക്കൽ കമ്മിറ്റികളും യോഗങ്ങൾ പോലും നടത്താനാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ ജനവികാരങ്ങൾക്ക് വിരുദ്ധമായി സ്ഥാനാർത്ഥിയാക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി. രമണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത് താൻ ഭാര്യയായതിനാലല്ലെന്നും അവർ ഏറെക്കാലമായി പാർട്ടി ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന നേതാവാണെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

You may also like