ഹൈദരാബാദ്: വീട്ടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത നിലയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരിച്ചു. ആന്ധ്രാപ്രദേശിലെ ചിത്തൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
രാമചന്ദ്രയ്യ (70), കാർത്തിക (15), ഇരട്ട സഹോദരിമാരായ ചരിതയും ചന്ദനയും കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് മരണപ്പെട്ടവരാണ്. സംഭവം നടക്കുമ്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു.
അറ്റകുറ്റപ്പണിക്ക് നൽകിയ ബൈക്ക് രാത്രി മുഴുവൻ എഞ്ചിൻ പ്രവർത്തിപ്പിക്കണമെന്ന് മെക്കാനിക്ക് നിർദേശിച്ചതിനെ തുടർന്ന് ബൈക്ക് വീട്ടിനുള്ളിൽ പ്രവർത്തിപ്പിച്ചുവെച്ചതായി രാമചന്ദ്രയ്യയുടെ മകൻ മുരളി പൊലീസിനോട് പറഞ്ഞു. ബൈക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കെ പുക വീടിനുള്ളിലേക്ക് വ്യാപിച്ചു. ഉറങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും അടച്ച നിലയിലായിരുന്നതിനാൽ വിഷപ്പുക അകത്ത് നിറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
മുരളിയും ഭാര്യയും വീടിന്റെ ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്. അടച്ചിട്ട മുറിയിൽ കാർബൺ മോണോക്സൈഡ് നിറഞ്ഞതോടെ ശ്വാസംമുട്ടി നാലുപേരും മരണപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ വീട്ടുകാർ മുറി തുറന്നപ്പോഴാണ് നാലുപേരും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

