Home National‘എൽപിജിയുടെ പേരിൽ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമം’; കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

‘എൽപിജിയുടെ പേരിൽ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമം’; കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

by news_desk
0 comments

ന്യൂഡൽഹി: എൽപിജി വിതരണവുമായി ബന്ധപ്പെട്ട സാഹചര്യത്തെ ചൂണ്ടിക്കാട്ടി രാജ്യത്ത് ചിലർ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജനങ്ങളിൽ ഭയം പരത്തുന്നവർ സ്വയം തുറന്നുകാട്ടുകയാണെന്നും ഇത്തരം പ്രവണതകൾ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സാഹചര്യം മുതലെടുത്ത് ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

“എൽപിജിയെക്കുറിച്ച് ചിലർ ഉദ്ദേശപൂർവം പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളെ ദ്രോഹിക്കുന്നതാണ്. പ്രതിസന്ധിയെ നേരിടുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും യുവജനങ്ങൾക്കും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ നിർണായക പങ്കുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ലോക രാഷ്ട്രങ്ങൾ ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യയുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണെന്നും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകം ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ സ്ഥിരതയോടെ മുന്നേറുകയാണെന്നും ആഗോള രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വർധിച്ചുവരുകയാണെന്നും നിരവധി ലോക നേതാക്കൾ അഭിപ്രായപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

You may also like