Home Nationalതമിഴ്നാട്ടിൽ നിന്നുള്ള കല്ലിനും എം-സാൻഡിനും വിലക്കില്ല; വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കേരളത്തിന് ആശ്വാസം

തമിഴ്നാട്ടിൽ നിന്നുള്ള കല്ലിനും എം-സാൻഡിനും വിലക്കില്ല; വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കേരളത്തിന് ആശ്വാസം

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിൽനിന്ന് കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കല്ല്, എം-സാൻഡ്, ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെതിരെയാണ് കോടതി വിധി. ഇതോടെ കേരളത്തിലെ നിർമാണ മേഖലയ്ക്കും ദേശീയപാതാ വികസനത്തിനും വലിയ ആശ്വാസമാകും.

കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ 2011ലെ നിയമത്തിലെ 3എ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽ ക്വാറി ഉൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞെന്നും അനധികൃത ഖനനം വർധിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂലൈയിൽ സർക്കാർ ആദ്യം മൂന്നുമാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നിരോധനം 2027 ജനുവരി 25 വരെ നീട്ടുകയായിരുന്നു.

നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ നിർമാണത്തെയും സാരമായി ബാധിച്ചിരുന്നു. ഇടപ്പള്ളി–മൂത്തകുന്നം റീച്ചിൽ ക്വാറി ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് ഇപ്പോഴും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ നിർമാണ ആവശ്യങ്ങൾക്കുള്ള കരിങ്കല്ലിന്റെ 40 ശതമാനവും തമിഴ്നാട്ടിൽനിന്നാണ് ലഭിച്ചിരുന്നത്.

നിർമാണ സാമഗ്രികളുടെ നീക്കത്തിനുള്ള നിയന്ത്രണത്തിൽ ഇളവ് വേണമെന്ന് കേരളം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ വിജയ്‌ക്ക് കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി കേരളത്തിന് നിർണായക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

You may also like