അട്ടപ്പാടി: അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയുന്ന ഘട്ടത്തിലാണ് താൻ അട്ടപ്പാടിയിലെത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. അമ്മമാരിൽനിന്ന് കേട്ടത് ഹൃദയഭേദകമായ ദുരിതകഥകളാണ്. ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായും സംസാരിച്ചു. പലർക്കും സങ്കടം കാരണം വാക്കുകൾ പൂർത്തിയാക്കാൻ പോലും കഴിയുന്നില്ല. ഇനിയൊരു കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
അമ്മമാരിൽ ഗുരുതരമായ വിളർച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങൾ എന്നിവ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ഉത്തരവാദിത്തമുള്ള അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണെന്നും വിമർശിച്ചു.
നേരത്തെ എല്ലാ ഊരുകളിലും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മൊബൈൽ യൂണിറ്റുകൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സേവനം ലഭിക്കുന്നില്ല. സിക്കിൾ സെൽ അനീമിയ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അമ്മമാർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ മുമ്പ് ഇവിടെയുണ്ടായിരുന്നു. എന്നാൽ അവരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്നും പിണറായി വിജയൻ ആരോപിച്ചു.
അട്ടപ്പാടിയിലെ മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങളും വർധിക്കുന്ന സാഹചര്യം ഗൗരവമായി കാണണം. മേഖലയിലെ മുഴുവൻ ഗർഭിണികളുടെയും ആരോഗ്യപരിപാലന ചുമതല അഗളി ഹെൽത്ത് സെന്ററിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
