Home Keralaസെക്കൻഡുകൾക്കായുള്ള ബസ് പാച്ചിൽ അവസാനിക്കും; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി മാറുന്നു

സെക്കൻഡുകൾക്കായുള്ള ബസ് പാച്ചിൽ അവസാനിക്കും; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി മാറുന്നു

by news_desk1
0 comments

കാക്കനാട്: ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാഞ്ഞെത്തുന്ന ബസുകൾ, യാത്രക്കാരെ പിടിക്കാനുള്ള അപകടകരമായ മത്സരയോട്ടം, സ്റ്റോപ്പുകളിൽ സമയം തെറ്റിയെത്തുന്നതിനെച്ചൊല്ലിയുള്ള ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും തർക്കങ്ങൾ… കൊച്ചിയിലെ റോഡുകളിലെ പതിവുകാഴ്ചകൾക്ക് മാറ്റമുണ്ടാകുന്നു. സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്കരിച്ച് മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.

ഇനി എല്ലാ റൂട്ടുകൾക്കും ഒരേ റണ്ണിങ് ടൈം എന്ന രീതി തുടരില്ല. ഓരോ റൂട്ടിലെയും ദൂരം, ഗതാഗതക്കുരുക്ക്, തിരക്കേറിയ സമയങ്ങൾ, തിരക്കില്ലാത്ത സമയങ്ങൾ എന്നിവ വിലയിരുത്തിയാകും ബസുകളുടെ യാത്രാസമയം നിശ്ചയിക്കുക. ഇതിനായി ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോട്ടോർ വാഹനവകുപ്പ് പ്രാഥമിക പഠനം നടത്തിയിട്ടുണ്ടെന്ന് എറണാകുളം ആർടിഒ ടി.പി. യൂസഫ് പറഞ്ഞു.

ഒരു ട്രിപ്പ് കുറഞ്ഞാൽ വരുമാനം കുറയുമെന്ന ആശങ്ക ബസുടമകൾക്കുണ്ട്. എന്നാൽ റണ്ണിങ് ടൈം പുനഃക്രമീകരിക്കുന്നതിലൂടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ ബസുകളെ ആശ്രയിക്കുന്നവർ പുതിയ സമയക്രമത്തിലും യാത്ര തുടരുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, സർവീസുകളുടെ എണ്ണത്തിലും ബസുകൾ തമ്മിലുള്ള ഇടവേളയിലും ഉണ്ടാകുന്ന മാറ്റം യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നത് ചർച്ചകളിൽ പരിശോധിക്കും.

ഗതാഗത കമ്മിഷണറുടെ അധ്യക്ഷതയിൽ ബസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ പ്രാഥമിക ചർച്ചയിൽ നിർദേശങ്ങളോട് ബസുടമകൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഡിസംബർ ഒന്നുമുതൽ സെക്ടർ അടിസ്ഥാനത്തിലുള്ള വിശദമായ ചർച്ചകൾ ആരംഭിക്കും. ഒരു റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്ന ബസുകൾക്കു പുറമേ, മറ്റ് റൂട്ടുകളിൽനിന്ന് എത്തി അതേ പാതയിലൂടെ സർവീസ് നടത്തുന്ന ബസുകളെയും ചർച്ചകളിൽ ഉൾപ്പെടുത്തും.

ബസുടമകൾ, തൊഴിലാളികൾ, യാത്രക്കാരുടെ പ്രതിനിധികൾ എന്നിവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ സമയക്രമം തയ്യാറാക്കുക.

ജില്ലയിൽ സർവീസ് നടത്തുന്ന 1,080 സ്വകാര്യ ബസുകളിൽ 460-ഓളം ബസുകൾ കൊച്ചി നഗരപരിധിയിലാണ്. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലെ ബസുകളുടെ സമയക്രമമാണ് പരിഷ്കരിക്കുക. ഇവിടെ പദ്ധതി വിജയിച്ചാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ നീക്കം.

You may also like