Home Keralaപാളയം മാർക്കറ്റിന് പിന്നാലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കാൻ നീക്കം; അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റിന് പിന്നാലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കാൻ നീക്കം; അനുവദിക്കില്ലെന്ന് മേയർ വി.വി. രാജേഷ്

by news_desk1
0 comments

തിരുവനന്തപുരം: മാനവീയം വീഥിയിൽ സംഗീത പരിപാടിക്ക് അനുമതി നിഷേധിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നവംബർ 14ന് ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ കോർപറേഷനിൽ ആരും അപേക്ഷ നൽകിയിട്ടില്ലെന്നും അതിനാൽ അപേക്ഷ നിരസിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി. പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും ചിലർ സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച അപേക്ഷയുടെ പകർപ്പും മേയർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

പാട്ടുപാടുന്നതിനും മറ്റ് കലാപരിപാടികൾ നടത്തുന്നതിനും നിശ്ചിത ഫീസ് ഈടാക്കി അനുമതി നൽകുന്നതാണ് കോർപറേഷന്റെ രീതിയെന്ന് മേയർ വിശദീകരിച്ചു. നവംബർ 14ന് മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷസമിതി എന്ന പേരിലാണ് ഓൺലൈനായി അപേക്ഷ ലഭിച്ചത്. എന്നാൽ അപേക്ഷ നൽകിയ വ്യക്തിയെ കൺവീനറാക്കി സമിതി രൂപീകരിച്ചതായോ കൗൺസിൽ പ്രമേയത്തിലൂടെ അംഗീകാരം നേടിയതായോ ഉള്ള രേഖകളൊന്നും കോർപറേഷനിലില്ല.

ആരെങ്കിലും തങ്ങൾ മാനവീയം രജതജൂബിലി സാംസ്‌കാരിക സമിതിയാണെന്ന് അവകാശപ്പെട്ടാൽ അത് അംഗീകരിക്കാനാകില്ലെന്നും മേയർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോർപറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷിക്കുമ്പോൾ സർക്കാരിന്റെയോ കോർപറേഷന്റെയോ പ്രതിനിധികൾ സമിതിയിൽ ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ അത്തരമൊരു സമിതിയെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും കഴിഞ്ഞ 11 മാസമായി മേയറായി പ്രവർത്തിക്കുന്ന താൻ ഇതുവരെ ഈ പേരിൽ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കി.

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയതുപോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് തുടക്കത്തിലേ തടഞ്ഞതെന്നാണ് മേയറുടെ ആരോപണം. ഈ നീക്കം മറച്ചുവയ്ക്കാനാണ് കലാകാരന്മാരെ പരിപാടി നടത്തുന്നതിൽനിന്ന് തടയുന്നുവെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തക്കതായ കാരണങ്ങളുള്ളതിനാലാണ് അപേക്ഷ അംഗീകരിക്കാതിരുന്നതെന്നും മാധ്യമങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിച്ച് വാർത്ത സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മേയർ ആരോപിച്ചു. പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കാനുള്ള നീക്കം എന്തുവിലകൊടുത്തും അനുവദിക്കില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

You may also like