Home Keralaമന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ 5.63 കോടി; ക്ലിഫ് ഹൗസിൽ എ.സിക്ക് മാത്രം 4.36 ലക്ഷം, കൂടുതൽ തുക മൻമോഹൻ ബംഗ്ലാവിന്

മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ 5.63 കോടി; ക്ലിഫ് ഹൗസിൽ എ.സിക്ക് മാത്രം 4.36 ലക്ഷം, കൂടുതൽ തുക മൻമോഹൻ ബംഗ്ലാവിന്

by news_desk1
0 comments

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സംസ്ഥാനത്ത് ചെലവഴിച്ചത് 5.63 കോടി രൂപ. പൊതുമരാമത്ത് വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ചെലവിന്റെ കണക്കുകൾ പുറത്തുവന്നത്. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മൻമോഹൻ ബംഗ്ലാവിനാണ്. 81.06 ലക്ഷം രൂപയാണ് ഇവിടെ അറ്റകുറ്റപ്പണികൾക്കായി വകയിരുത്തിയത്.

എ.സി. സ്ഥാപിക്കൽ, അറ്റകുറ്റപ്പണി, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികൾക്കാണ് പ്രധാനമായും തുക ചെലവഴിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എ.സി. മാറ്റിസ്ഥാപിക്കാൻ 4.36 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 3.50 ലക്ഷം രൂപയും ഉൾപ്പെടെ 7,86,400 രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതിനു പുറമെ കർട്ടനുകൾ മാറ്റാൻ 1.55 ലക്ഷം രൂപയും കസേരകളുടെ കുഷ്യനുകൾ മാറ്റാൻ നാലുലക്ഷം രൂപയും ചെലവഴിച്ചു. ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന്റെ കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മന്ത്രി എം. ലിജുവിന്റെ ഔദ്യോഗിക വസതിയായ അജന്ത ബംഗ്ലാവിന് 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ പമ്പയ്ക്ക് 31.43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബിന്റെ വസതിയിൽ എ.സിക്കായി 3.69 ലക്ഷം രൂപ ചെലവഴിച്ചു. എം. ലിജുവിന്റെ വസതിയായ അജന്തയിൽ എ.സി. സംബന്ധിച്ച പ്രവൃത്തികൾക്ക് 3.07 ലക്ഷം രൂപയും വിനിയോഗിച്ചു. ചെന്നിത്തലയുടെ വസതിയായ പമ്പയിൽ എ.സി., വൈദ്യുതീകരണ പ്രവൃത്തികൾക്കായി 11 ലക്ഷത്തിലേറെ രൂപ ചെലവായതായും രേഖകളിലുണ്ട്.

അതേസമയം, മന്ത്രിമന്ദിരങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. പല വസതികളിലും അറ്റകുറ്റപ്പണികൾ തുടരുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പ്രവൃത്തികൾക്കു പുറമെ ടൂറിസം വകുപ്പ് മുഖേന വാങ്ങുന്ന ഫർണിച്ചർ, കർട്ടൻ തുടങ്ങിയവയുടെ ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ആകെ തുക ഇനിയും ഉയർന്നേക്കും.

ഔദ്യോഗിക വസതികളിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.

You may also like