Home Keralaനടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ അഭിഭാഷകയുടെ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ അഭിഭാഷകയുടെ ഹർജി തള്ളി

by news_desk1
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചെന്നായിരുന്നു ടി.ബി. മിനിയുടെ പരാതി.

കേസ് പരിഗണിക്കുന്നതിനിടെ ടി.ബി. മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ഹാജരായതെന്നും ജഡ്ജി പരാമർശിച്ചതാണ് പരാതിക്ക് ആധാരം. ഈ പരാമർശങ്ങൾ അപകീർത്തികരമാണെന്നും ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

2026 ജനുവരി 12ന് നടത്തിയ പരാമർശം തന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി തേടി ടി.ബി. മിനി അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നു. എന്നാൽ എ.ജി. അപേക്ഷ തള്ളി. തുടർന്നാണ് ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

You may also like