തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി സർക്കാർ. തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക–വിദ്യാർഥി അനുപാതം നിലവിലെ 1:30ൽ നിന്ന് 1:25 ആയി കുറയ്ക്കാനാണ് ആലോചന. എന്നാൽ ഈ ഇളവ് എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകില്ല.
150ൽ കുറയാത്ത കുട്ടികളുള്ള സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ പകരം അധ്യാപകരെ പി.എസ്.സി. വഴി നിയമിക്കാനും നിർദേശമുണ്ട്. നിലവിൽ ഇത്തരം ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. പുതിയ നിർദേശം നടപ്പായാൽ കൂടുതൽ ഉദ്യോഗാർഥികൾക്ക് സ്ഥിരനിയമനത്തിന് അവസരം ലഭിക്കും.
സർക്കാരിന്റെ നിർദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. രണ്ട് നിർദേശങ്ങളും നടപ്പാക്കുന്നതിലൂടെ സർക്കാരിന് 50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് കണക്ക്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വളർമതി ഉൾപ്പെടെയുള്ള എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൈവിട്ടുപോകുമെന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ നിലവിലെ 1:30 അനുപാതപ്രകാരം 25 കുട്ടികൾ മാത്രമാണുള്ളതെങ്കിൽ ഡിവിഷൻ കുറവായി കണക്കാക്കും. ഇതോടെ അവിടെയുള്ള അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതാണ് നിലവിലെ രീതി.
അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആക്കുന്നതോടെ ഇത്തരം സ്കൂളുകളിൽ ഡിവിഷൻ കുറയുന്ന സാഹചര്യം ഒഴിവാക്കാനും അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത് തടയാനും കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇതിലൂടെ കൂടുതൽ അധ്യാപകർക്ക് ജോലി ലഭിക്കാനുള്ള സാഹചര്യവുമുണ്ടാകും.
150ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുമ്പോൾ പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന രീതിക്കും മാറ്റം വരും. പകരം പി.എസ്.സി. വഴിയായിരിക്കും നിയമനം നടത്തുക.
