Home Top Stories‘സത്യത്തിനുവേണ്ടി രക്തസാക്ഷിയാകാനും തയ്യാർ’; തിരുവഞ്ചൂരിനെ വേദിയിലിരുത്തി സർക്കാരിനെതിരെ ഓർത്തഡോക്സ് സഭയുടെ രൂക്ഷവിമർശനം

‘സത്യത്തിനുവേണ്ടി രക്തസാക്ഷിയാകാനും തയ്യാർ’; തിരുവഞ്ചൂരിനെ വേദിയിലിരുത്തി സർക്കാരിനെതിരെ ഓർത്തഡോക്സ് സഭയുടെ രൂക്ഷവിമർശനം

by news_desk1
0 comments

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയ്ക്കേറ്റ മുറിവ് അത്ര നിസ്സാരമായി കാണാനാകില്ലെന്നും സത്യത്തിനുവേണ്ടി രക്തസാക്ഷിത്വം ഏറ്റുവാങ്ങാനും തയ്യാറാണെന്നും കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത. പാത്രിയർക്കീസ് ബാവയുടെ മണർകാട് സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച അദ്ദേഹം, വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്ക് വലിയ മുറിവുണ്ടായെന്നും പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലിരിക്കെയായിരുന്നു വിമർശനം.

‘മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കും അതിന്റെ സത്യത്തിനും വേണ്ടി ചില കാര്യങ്ങൾ തുറന്നുപറയേണ്ടിവരുമ്പോൾ രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവന്നാലും അതിന് തയ്യാറാണ്. വിചിത്രമായ നിയമോപദേശം മൂലം സഭയ്ക്കേറ്റ മുറിവ് ഉണക്കേണ്ടതുണ്ട്. ആരാണോ മുറിവുണ്ടാക്കിയത്, അവർതന്നെ അത് ഉണക്കാൻ ശ്രദ്ധിക്കണം. ഏറ്റവും ബഹുമാന്യനായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുന്നിൽവെച്ചാണ് ഇക്കാര്യം പറയുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എറിയുന്നത് ലഡുവാണെങ്കിലും ഏറ് ഏറ് തന്നെയാണെന്നും ലഡുവിൽ സമാധാനം പൊതിഞ്ഞ് ശക്തിയായി എറിഞ്ഞാൽ കൊള്ളുന്നവർക്ക് മുറിവേൽക്കുമെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

മണർകാട് പള്ളിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും അദ്ദേഹം സർക്കാരിനെ വിമർശിച്ചിരുന്നു. പള്ളിയിലെ പ്രവേശനം സർക്കാർ സ്പോൺസർ ചെയ്ത പരിപാടിയാണെന്നായിരുന്നു ആരോപണം. ചർച്ചകൾക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. ചർച്ചകളിലൂടെ എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാൽ, താൽക്കാലിക സന്തോഷത്തിനുവേണ്ടി ശാശ്വത സമാധാനം തകർക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം അസമാധാനം സൃഷ്ടിക്കുന്ന നടപടികളാണ് ഉണ്ടായതെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. മണർകാടും കോതമംഗലത്തും നടന്നത് സർക്കാർ സ്പോൺസർ ചെയ്ത പരിപാടികളാണെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനവും നിലപാടും ഇരുവിഭാഗങ്ങളെയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടായിരുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു വിഭാഗത്തിനൊപ്പം നിന്നുകൊണ്ട് മലങ്കര സഭയെ മുറിവേൽപ്പിച്ചുവെന്നാണ് ആരോപണം. ആത്മാഭിമാനം നഷ്ടപ്പെടുത്താതെ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ഭദ്രാസനാധിപൻ ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ സ്വന്തം പാർട്ടിയിലുള്ളവരും ചില ഘടകകക്ഷികളും ചേർന്ന് അട്ടിമറിച്ചെന്നും സഭാ നേതൃത്വത്തിൽനിന്ന് ആരോപണമുയർന്നു. മുഖ്യമന്ത്രിയുടെ ആത്മാർഥമായ ശ്രമങ്ങൾക്ക് പാർട്ടിയിലെ ചിലർതന്നെ തുരങ്കംവെച്ചെന്നാണ് വിമർശനം.

യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ശക്തമായത്. സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് പള്ളിയിൽ കുർബാന അർപ്പിക്കാൻ വഴിയൊരുങ്ങിയത്. തുടർന്ന് കത്തീഡ്രലിലെത്തിയ പാത്രിയർക്കീസ് ബാവ വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.

You may also like